‘എന്റെ ജീവിതത്തില്‍ ഇതുവരെ നടന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും കമല്‍ നിങ്ങളാണ് കാരണം…. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സിനിമാ മേഖലയില്‍ ഞാന്‍ എത്തില്ലായിരുന്നു…കമലഹാസന് മുത്തം കൊടുത്ത് സുഹാസിനി

ഫിലിം ഡസ്ക്
Saturday, November 16, 2019

നടി സുഹാസിനി കമലഹാസനെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ ജീവിതത്തില്‍ നടന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും കാരണം കമലഹാസനാണ് എന്നാണ് സുഹാസിനി കമലിന്റെ പിറന്നാളിനോട് അനുബന്ധിച്ച്‌ പരമക്കുടിയില്‍ സംഘടിപ്പിച്ച ചടങ്ങിനിടെ പറഞ്ഞത്.

ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കമലഹാസന്റെ ജ്യേഷ്ഠനായ ചാരുഹാസന്റെ മകളാണ് സുഹാസിനി. തന്നെ ചിറ്റപ്പന്‍ എന്ന് വിളിക്കാന്‍ പോലും കമല്‍ അനുവദിച്ചിരുന്നില്ലെന്ന് പറയുന്ന സുഹാസിനി വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരേയും ഒരേപോലെ കാണാന്‍ കഴിയുന്ന മനസുള്ള ഒരാള്‍ക്ക് മാത്രമേ അത്തരത്തില്‍ പറയാന്‍ സാധിക്കൂ എന്നും പറഞ്ഞു.

‘എന്റെ ജീവിതത്തില്‍ ഇതുവരെ നടന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും കമല്‍ നിങ്ങളാണ് കാരണം. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സിനിമാ മേഖലയില്‍ ഞാന്‍ എത്തില്ലായിരുന്നു. സ്ത്രീകള്‍ അഭിനയിച്ചാല്‍ മാത്രം പോരാ ടെക്നിക്കലായ കാര്യങ്ങളും നോക്കണം എന്ന് പറഞ്ഞ് എന്നെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ത്ത് എനിക്ക് ഫീസ് അടച്ചതും കമല്‍ ആണ്.

ഇതുപോലെ തമിഴ് സ്ത്രീകള്‍, ഇന്ത്യന്‍ സ്ത്രീകള്‍ എന്നും ഉയരങ്ങളില്‍ എത്തണമെന്നാണ് ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ ആഗ്രഹം. ഞങ്ങള്‍ സഹോദരങ്ങള്‍ മൂന്ന് പേരോടും എന്തെങ്കിലും പ്രശ്നങ്ങള്‍ വന്നാല്‍ എങ്ങനെ പരിഹരിക്കണമെന്നാണ് ഞങ്ങള്‍ക്ക് പത്തു പതിമൂന്ന് വയസുള്ളപ്പോള്‍ അദ്ദേഹം പറഞ്ഞു തന്നിട്ടുള്ളത്. ഇങ്ങനെയുള്ള ആളെ ഒരു കുടുംബത്തിന് മാത്രമല്ല ഈ നാടിനു തന്നെ വേണം.

എന്റെ മണിരത്‌നത്തെ തന്നത് പോലും നിങ്ങളാണ്. മണിയുടെ ജീവിതവും നിങ്ങള്‍ കൊടുത്തതാണ്. നിങ്ങളെ തേടി മണി വന്നത് കൊണ്ടല്ലേ എന്റെ ജീവിതത്തിലേക്കും മണി വന്നെത്തിയത്. അദ്ദേഹത്തെ ഞാന്‍ കണ്ടു മുട്ടിയത് കൊണ്ടാണ് എന്റെ മകന്‍ നന്ദനും ഇവിടെ ഇരിക്കുന്നത്. നിങ്ങള്‍ ഇല്ലെങ്കില്‍ എന്റെ ജീവിതത്തില്‍ ഒന്നുമില്ല’ എന്നാണ് ചടങ്ങില്‍ സുഹാസിനി പറഞ്ഞത്.

ഇന്നേ വരെ എന്റെ ജീവിതത്തില്‍ ഞാന്‍ കമലിനോട് ചെയ്യാത്ത രണ്ട് കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യാന്‍ പോവുകയാണ് എന്ന് പറഞ്ഞ് കമലിന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി മുത്തവും നല്‍കിയാണ് സുഹാസിനി പ്രസംഗം അവസാനിപ്പിച്ചത്. നവംബര്‍ ഏഴിനാണ് കമലഹാസന്‍ തന്റെ 65ാം ജന്മദിനം ആഘോഷിച്ചത്.

 

 

×