സുപ്രഭാതം (കവിത)

സത്യം ഡെസ്ക്
Tuesday, February 16, 2021

-സിജി ചിറ്റാർ

പൊന്നിൻ കിണ്ണം വിണ്ണിലെറിഞ്ഞ്
സാഗരവീചികളുടനെ മടങ്ങി

പാരിലുഷസ്സിൻ ഘോഷം
തീർക്കാൻ
താരിൻമലരുകൾ പൊട്ടി വിടർന്നു

കതിരവനൊന്നു ചിരിച്ചു
ധരണിയിലാമോദത്തിൻ
വേദിയുണർന്നു

പാട്ടു പഠിക്കാതിനിയൊരു കൂട്ടർ
നീട്ടിപ്പാടി പാറിനടന്നൂ

മകരന്ദത്തിൻ താലമെടുത്ത് പൂവുകൾ
അളികൾക്കൂണു നിരത്തി

വെള്ളചേല ചുരുട്ടിയെടുത്ത്
മാമല നല്ലൊരു
തലപ്പാവാക്കി

അരുവിക്കരയിൽ
കുരുവികളുമിണകളും
ഒത്തു കുളിച്ചിട്ടെവിടോ പോയി

മാനവരൂഴിയിലരുണന്
നല്ലൊരു സ്വാഗതമോതി

×