“ഇത് ഇഷ്ടമായി.. ഗംഭീരം.. സുരക്ഷിതരായി ഇരിക്കൂ” ; ചെങ്കല്‍ച്ചൂളയിലെ കുട്ടികളുടെ ഹിറ്റ് വിഡിയോ പങ്കുവെച്ച് നടൻ സൂര്യ

ന്യൂസ് ഡെസ്ക്
Monday, July 26, 2021

തിരുവനന്തപുരം ചെങ്കല്‍ച്ചൂളയിലെ കുട്ടികളുടെ ഹിറ്റ് വിഡിയോ പങ്കുവെച്ച് നടൻ സൂര്യ. രാജാജി നഗർ കോളനിയിലെ ഒരു കൂട്ടം കുട്ടികളുടെ നൃത്ത വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ആ വീഡിയോ സൂര്യയും ഷെയർ ചെയ്തിരിക്കുകയാണ്. ‘സൂര്യ ഫാൻസ്‌ ക്ലബ് കേരള’ യുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് സൂര്യ ഷെയർ ചെയ്തിരിക്കുന്നത്.

“ഇത് ഇഷ്ടമായി.. ഗംഭീരം.. സുരക്ഷിതരായി ഇരിക്കൂ” എന്ന് കുറിച്ചാണ് സൂര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സൂര്യയുടെ പിറന്നാൾ ദിനത്തിൽ താരത്തിനുള്ള സമർപ്പണമായാണ് ഡാൻസ് വീഡിയോ പുറത്തിറക്കിയത്. സൂര്യ അഭിനയിച്ച അയൻ എന്ന സിനിമയിലെ ഗാനം അതുപോലെ പുനരാവിഷ്കരിച്ചിരിക്കുകയാണ് ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ.

റെഡ് മീ ഫോണില്‍, സെല്‍ഫി സ്റ്റിക്കും വടിയും ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ ഫോണിൽ തന്നെയാണ് എഡിറ്റ് ചെയ്തതും. ഷൂട്ടിങ്ങിനും എഡിറ്റിങ്ങിനുമായി മൂന്ന് ആഴ്ചയോളം എടുത്തു. പൂർണമായും മൊബൈൽ ഫോണിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പാട്ടിലെ ഓരോ ഡാൻസ് സ്റ്റെപ്‌സും, എന്തിനേറെ പറയുന്നു കോസ്റ്റും മുതൽ ലൊക്കേഷൻ പോലും കുട്ടികൾ പുനർ ആവിഷ്ക്കരിച്ചിരിക്കുകയാണ്.

×