മഴമൂലം ഒരു ദിവസത്തെ കളി പൂർണമായും നഷ്ടമായ ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിജയം സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ കൃത്യമായി പ്രവചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. മുംബൈ താരം സൂര്യകുമാർ യാദവാണ് ഇക്കാര്യം വ്യക്തമാക്കി ട്വിറ്ററിൽ കുറിപ്പിട്ടത്.
മത്സരത്തിനിടെ പലതവണ മഴയെത്തിയതോടെ മത്സരം സമനിലയിലാക്കാൻ വിൻഡീസിന് അവസരം ലഭിച്ചിരുന്നെങ്കിലും, ഇംഗ്ലണ്ടിന്റെ ജയമുറപ്പാണെന്ന് സച്ചിൻ പ്രവചിച്ചിരുന്നതായാണ് സൂര്യകുമാറിന്റെ വെളിപ്പെടുത്തൽ. തിങ്കളാഴ്ചയാണ് സൂര്യകുമാർ പോസ്റ്റിട്ടിരിക്കുന്നത്.
മത്സരത്തിൽ ഇംഗ്ലണ്ട് ഏതാണ്ട് 300 റൺസ് വിജയലക്ഷ്യമുയർത്തുമെന്നും അതിനുശേഷം വെസ്റ്റിൻഡീസിനെ എറിഞ്ഞിടുമെന്നും സച്ചിൻ പ്രവചിച്ചിരുന്നുവെന്നാണ് സൂര്യകുമാർ വ്യക്തമാക്കുന്നത്. മത്സരത്തിൽ 312 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ വിൻഡീസ് 198 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 113 റൺസിന് ജയിച്ച ഇംഗ്ലണ്ട് മത്സരം സമനിലയിലാക്കുകയും ചെയ്തു.
‘ഇന്നു രാവിലെ (തിങ്കളാഴ്ച) സച്ചിന്‍ പാജിയുമായി ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് ടെസ്റ്റ് മത്സരത്തെക്കുറിച്ച് സംസാരിച്ചിരുന്നു. മത്സരം സമനിലയിലവസാനിക്കില്ലെന്നും ഇംഗ്ലണ്ട് ജയിക്കുമെന്നുമാണ് അദ്ദേഹം പറഞ്‍ത്. ഇംഗ്ലണ്ട് 300നടുത്ത ഒരു സ്കോർ വിജയലക്ഷ്യം കുറിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. വിൻഡീസിന് മത്സരം ജയിക്കണമെങ്കിൽ കഴിവു മുഴുവൻ പുറത്തെടുക്കേണ്ടിവരും’ – സൂര്യകുമാർ യാദവ് ട്വിറ്ററിൽ കുറിച്ചു.