ഗൂഡല്ലൂര്‍: സ്വച്ഛ് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി ആറു ലക്ഷം രൂപ ചെലവിട്ട് ഒരു മുറിയില്‍ രണ്ടു ടോയ്‌ലെറ്റ് നിര്‍മ്മിച്ച് അബദ്ധം പറ്റിയിരിക്കുകയാണ് നെല്ലിയാളം നഗരസഭയ്ക്ക്.
നിരവധി ആളുകളെത്തുന്ന ടൗണില്‍ പൊതുശൗചാലയം ആവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ശൗചാലയം നിര്‍മ്മിച്ചത്.
എന്നാല്‍ ശൗചാലയം നിര്‍മ്മിച്ച് കഴിഞ്ഞപ്പോള്‍ ഒരു ടോയ്‌ലെറ്റില്‍ രണ്ടു പേര്‍ക്ക് കയറാവുന്ന രീതിയില്‍ നിര്‍മ്മിച്ചു കഴിഞ്ഞു. രണ്ടു ടോയ്‌ലെറ്റുകള്‍ക്കിടയില്‍ വാതിലുകള്‍ക്ക് പകരം ഒരു ഭിത്തി മാത്രമാണ് നിര്‍മ്മിച്ചത്. ടോയ്‌ലെറ്റിന്‌റെ ചിത്രം സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ ഒരേ മുറിയില്‍ രണ്ടു ടോയ്‌ലെറ്റുകള്‍ സജ്ജീകരിച്ച കരാറുകാരനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. ടോയ്‌ലെറ്റ് നിര്‍മ്മിച്ച കരാറുകാരനും അതിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.