/sathyam/media/post_attachments/bhYNa3AGhwhdJDjiH1tG.jpg)
മാല്‍മോ: ഇക്കഴിഞ്ഞ വെള്ളിയാഴ്ച ( 28/08/2020), വിശുദ്ധ ഖുർആൻ കത്തിച്ചു എന്നാരോപിച്ച് 300 ൽപ്പരം ആളുകളടങ്ങുന്ന ഒരു സംഘം, സ്വീഡനിലെ മാൽമോ നഗരത്തിൽ അക്രമങ്ങൾ അഴിച്ചുവിടുകയുണ്ടായി.
നിരവധി കടകൾ ആക്രമിക്കപ്പെട്ടു, ടയറുകൾ റോഡിൽ കൂട്ടിയിട്ട് തീവച്ചു ഗതാഗതം തടസ്സപ്പെടുത്തി, ഏതാനും വാഹനങ്ങൾക്ക് തീയിട്ടു, പോലീസിനുനേരേ കല്ലേറും നടന്നു. അക്രമികളിൽ ഉൾപ്പെട്ട പലരെയും പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിതി ഇപ്പോൾ പൂർണ്ണമായി നിയന്ത്രണത്തിലാണ്.
എന്തുകൊണ്ടാണ് ശാന്തിയും സമാധാനവും കളിയാടുന്ന ലോകത്തെ 16 മത്തെ സമ്പന്നരാജ്യമായ സ്വീഡനിൽ ഒരു ദിവസം പെട്ടെന്ന് ഈ അക്രമങ്ങളും അശാന്തിയും ഉടലെടുത്തത് ? തികച്ചും സമാധാനപ്രിയരായ സ്വീഡിഷ് ജനത ഒരിക്കലും ആഗ്രഹിക്കാത്ത ഒരു സംഭവമാണ് അവിടെ അരങ്ങേറിയത്.
ഒരു കോടിയിലധികം ജനസംഖ്യയുള്ള യൂറോപ്പിലെ സമ്പൽസമൃദ്ധമായ സ്വീഡനിൽ ആ രാജ്യത്തെ റവന്യൂ വരുമാനത്തിന്റെ 27 ശതമാനം തുകയും പൊതുജനാരോഗ്യ - വിദ്യാഭ്യാസമേഖലയ്ക്കുവേണ്ടിയാണ് അവർ ചെലവഴിക്കുന്നത്.
റിട്ടയർ ചെയ്തവരുൾപ്പെടെ പ്രായമായ എല്ലാവർക്കും, അവർ ഇനി അന്യരാജ്യത്തുപോയി താമസമാക്കിയാൽ കൂടി പെൻഷൻ നൽകുന്ന രാജ്യമാണ് സ്വീഡൻ. ഈ പെൻഷനുകൾ അവരവരുടെ ഗ്രേഡ് അനുസരിച്ച് വെവ്വേറെയാണ് നൽകപ്പെടുന്നത്. അഴിമതി, കളവ്, പിടിച്ചുപറി, സ്ത്രീപീഡനം ഇവയൊക്കെ സ്വീഡനിൽ ഇല്ലെന്നുതന്നെ പറയാം.
/sathyam/media/post_attachments/2RvwveJyyjk7WE1PJzYx.jpg)
ജനസംഖ്യയിൽ 67 ശതമാനം ക്രിസ്തുമതാനുയായികളാണ്. 27 ശതമാനം ആളുകൾക്ക് മതമോ ജാതിയോ ഇല്ല. 4.5ശതമാനം മുസ്‌ലിം മതസ്ഥരാണ്. ബാക്കി അന്യവിഭാഗങ്ങളും. സ്വീഡനിൽ മതാനുയായികളുൾപ്പെടെ ഏകദേശം 40 ശതമാനം ആളുകൾ ദൈവവിശ്വാസികളല്ല എന്നതാണ് മറ്റൊരു പ്രത്യേകത.
ഇപ്പോൾ നടന്ന കലാപത്തിനുള്ള കാരണങ്ങൾ തിരയുകയാണെങ്കിൽ അത്, യുദ്ധഭൂമിയായ സിറിയയിൽനിന്നുള്ള അഭയാർഥികളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ടു കിടക്കുകയാണെന്ന് വ്യക്തമാകും.
അഭയാർഥികളുടെ സ്വർഗ്ഗം എന്നാണ് സ്വീഡൻ അറിയപ്പെട്ടിരുന്നത്. അവിടുത്തെ നിയമം അത്തരത്തിലായിരുന്നു. കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചിരുന്ന സ്വീഡൻ 2013 ൽ സിറിയയിൽനിന്നും അഭയാർഥികളായി വന്ന 70,000 പേർക്ക് സിറ്റിസൺഷിപ്പ് നൽകിയതോടെയാണ് പ്രശ്നങ്ങൾ തലപൊക്കുന്നത്.
/sathyam/media/post_attachments/IPWgSoau2yABkwgSybW4.jpg)
2015 ൽ സിറിയ, ഇറാക്ക്, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികളായി സ്വീഡനിൽ കുടിയേറിയ 1,62.000 പേരാണ് സ്വീഡിഷ് നാഗരികതയ്ക്ക് അപേക്ഷിച്ചത്. എന്നാൽ സ്വീഡിഷ് പാർലമെന്റി ലെ മൂന്നാം ശക്തിയായ വലതുപക്ഷ ഡെമോക്രാറ്റിക് പാർട്ടി, മുസ്‌ലിം അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനെ നഖശിഖാന്തം എതിർക്കാൻ തുടങ്ങി.
അഭയാർഥികളുടെ ബാഹുല്യം രാജ്യത്തിന്റെ സമ്പദ്ഘടനയും ജനക്ഷേമ പദ്ധതികളും തകർക്കുമെന്നും അവർ രാജ്യത്തെ ക്രമാസമാധാനത്തിനുതന്നെ ഭീഷണിയാണെന്നും ഇവർ വാദിച്ചു.
2017 ൽ കടുത്ത മുസ്‌ലിം വിരോധിയും അഭിഭാഷകനുമായ ഡെന്മാർക്ക് സ്വദേശി റാസ്‌മസ് പലുദാൻ (Rasmus Paludan) , NORDIC രാജ്യങ്ങളിൽ ( ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്ലാൻഡ്, നോർവേ, സ്വീഡൻ) ഒന്നാകെ രൂപം നൽകിയ സ്റ്റാം കുർസ് (Stam Kurs) എന്ന തീവ്രവലതുപക്ഷ പാർട്ടി, ആ രാജ്യങ്ങളിലെ കുടിയേറ്റക്കാരും അഭ്യാർത്ഥികളുമായ മുസ്ലീങ്ങളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു.
വംശീയമായ പ്രത്യേകിച്ചും ഇസ്ലാമിനെതിരായ അധിക്ഷേപങ്ങളും നിശിത വിമർശങ്ങങ്ങളും യൂ ട്യൂബ് വഴിയും Stam Kurs വക സോഷ്യൽ മീഡിയ ചാനൽ വഴിയും അവർ നിരന്തരം നടത്തിവന്നിരുന്നു.
വംശീയ അധിക്ഷേപങ്ങളുടെ പേരിൽ മൂന്നുതവണ Rasmus Paludan ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഡെന്മാർക്കിലെ മൂന്നു ലക്ഷം മുസ്ലീങ്ങളെ പുറത്താക്കുമെന്നും രാജ്യത്ത് ഇസ്‌ലാം മതം നിരോധിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച Rasmus Paludan നേരിയ മാർജിനാണ് പരാജയ പ്പെട്ടത്.
/sathyam/media/post_attachments/CXyCeE45I8ub694sAgw2.jpg)
Nordic രാജ്യങ്ങളിൽ ധാരാളം അനുയായികളുള്ള റാസ്‌മസ് പലുദാൻ സ്വീഡനിലെ ഇപ്പോഴത്തെ 3.5 ശതമാനം വരുന്ന തൊഴിലില്ലായ്മയ്ക്ക് കാരണം ഇസ്‌ലാമിക രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റമാണെന്നും അതവസാനിപ്പിച്ചില്ലെങ്കിൽ രാജ്യം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുമെന്നും തൻ്റെ പല പ്രസംഗങ്ങളിലും മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
ഇപ്പോൾ നടന്ന കലാപങ്ങളുടെ കാരണം ഇതാണ് : സ്വീഡനിലെ മാൽമോ നഗരത്തിൽ വച്ച് തങ്ങൾ ഖുർആൻ പരസ്യമായി കത്തിക്കുമെന്ന Stam Kurs പാർട്ടിയുടെ പ്രഖ്യാപനത്തെത്തുടർന്ന് പോലീസ് Rasmus Paludan സ്വീഡനിൽ പ്രവേശിക്കുന്നത് തടഞ്ഞെങ്കിലും അയാളുടെ അനുയായികൾ ഖുർആൻ കത്തിക്കുകയായിരുന്നു. ഇതാണ് അവിടെ കലാപം പൊട്ടിപ്പടരാൻ കാരണമായത്.
ഇതുമായി ബന്ധപ്പെട്ട് ഖുർആൻ കത്തിച്ച പാർട്ടി അനുയായികൾക്കെതിരെ പോലീസ് കേസെടുക്കുകയും Rasmus Paludan അടുത്ത രണ്ടുവർഷക്കാലത്തേക്ക് സ്വീഡനിൽ പ്രവേശിക്കുന്നത്തിൽനിന്നും സർക്കാർ വിലക്കേർപ്പെടുത്തുകയും ചെയ്തു.
ഇപ്പോൾ നടന്ന കലാപങ്ങളിൽ ആളുകൾ മരിച്ചതായും നിരവധി സ്ത്രീകളുൾപ്പെടെയുള്ളവർക്ക് പരിക്കു പറ്റിയതായാലും വരുന്ന വാർത്തകളും ചിത്രങ്ങളും വാസ്തവവിരുദ്ധമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us