Advertisment

ഇതെല്ലാം ഞാനും അനുഭവിച്ചതാണ്.. പൊതുജനങ്ങള്‍ക്ക് സ്ത്രീകളെ കയറിപ്പിടിക്കാന്‍ ഒരു അവകാശവും ഇല്ല: ശ്വേത മേനോന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

സിനിമാ പ്രമോഷനിടെ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രതികരിച്ച് ശ്വേത മേനോന്‍. നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തില്‍ നാം ഇപ്പോഴും ഇതൊക്കെത്തന്നെ കേട്ടുകൊണ്ടിരിക്കുന്നു എന്നത് ഏറെ ദുഖകരമായ കാര്യമാണ്. സ്‌കൂള്‍ തലത്തില്‍ ആണ്‍-പെണ്‍ ഭേദമില്ലാതെ മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ശ്വേത പറയുന്നത്.

ശ്വേത മേനോന്റെ വാക്കുകള്‍:

സിനിമയുടെ പ്രമോഷന് വേണ്ടി പോയ സിനിമാ താരങ്ങള്‍ക്ക് ശാരീരിക ആക്രമണം നേരിടേണ്ടി വന്നത് ഏറെ ദുഖകരമായ കാര്യമാണ്. ഒരു സിനിമയില്‍ അഭിനയിച്ചവര്‍ക്ക് അതിന്റെ പ്രമോഷന് വേണ്ടി പുറത്തിറങ്ങി നടക്കാതിരിക്കാന്‍ കഴിയില്ല. കോഴിക്കോട് മാത്രമല്ല ലോകത്തിന്റെ ഏത് കോണിലായാലും സ്ത്രീകള്‍ക്ക് പേടി കൂടാതെ പുറത്തിറങ്ങി നടക്കാന്‍ കഴിയണം.

നൂറു ശതമാനം സാക്ഷരതയുള്ള ഒരു സംസ്ഥാനത്താണ് നമ്മള്‍ ജീവിക്കുന്നത്, ആ ഒരു ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങി നടക്കുന്നത്. ശാരീരികമായി കയ്യേറ്റം ചെയ്യുന്നതു വരെ കാര്യങ്ങള്‍ എത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഈ ഒരവസ്ഥ നേരിട്ട ഒരാള്‍ എന്ന നിലയിലാണ് ഞാന്‍ ഇത് പറയുന്നത്.

പെണ്‍കുട്ടികള്‍ക്ക് അപ്പോള്‍ തന്നെ പ്രതികരിക്കാമായിരുന്നു എന്നു പറയുന്നവരുണ്ട്. എല്ലാവര്‍ക്കും പെട്ടെന്ന് പ്രതികരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. നമ്മളെ ഒരാള്‍ കയറിപ്പിടിക്കുമ്പോള്‍ ആ സമയത്ത് പൊലീസിനെ വിളിക്കാനോ തിരിച്ചടിക്കാനോ കഴിഞ്ഞെന്നു വരില്ല. അനുവാദമില്ലാത്ത സ്പര്‍ശനം ഒരു പെണ്‍കുട്ടിയെ എത്രമാത്രം തളര്‍ത്തുമെന്ന് അവള്‍ക്കു മാത്രമേ അറിയൂ.

ആക്രമണങ്ങളില്‍ പെടുന്ന പെണ്‍കുട്ടികളുടെ സ്വഭാവത്തെയും വസ്ത്രധാരണത്തെയും മോശമായി ചിത്രീകരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചെയ്യുന്നത്. ഇതെല്ലാം ഞാന്‍ അനുഭവിച്ചതാണ്. ചര്‍ച്ച ചെയ്യേണ്ട കാര്യം വിട്ടിട്ട് ബാക്കി എല്ലാം ചര്‍ച്ച നടത്തും. സിനിമയുടെ പ്രൊഡക്ഷനിലുള്ളവര്‍ കൂടെ വരുന്ന താരങ്ങളുടെ സുരക്ഷയില്‍ കുറച്ചുകൂടി ശ്രദ്ധ ചെലുത്തേണ്ടതാണ്.

ഇനിയിപ്പോള്‍ സുരക്ഷ അല്‍പം കുറഞ്ഞാലും പൊതു ജനങ്ങള്‍ക്ക് സ്ത്രീകളെ കയറിപ്പിടിക്കാന്‍ ഒരു അവകാശവും ഇല്ല. ഞാന്‍ 1999ലും 2004ലും 2013ലും സംസാരിച്ചതു തന്നെ ഇപ്പോള്‍ 2022 ലും സംസാരിക്കേണ്ടി വരുന്നു എന്നത് കഷ്ടമാണ്. സ്ത്രീക്കും പുരുഷനും തുല്യത വേണം എന്ന് ഞാന്‍ അന്നു മുതല്‍ പറയുന്ന കാര്യമാണ്.

ആണ്‍-പെണ്‍ ഭേദമില്ലാതെ നമ്മുടെ കുഞ്ഞുങ്ങളെ സ്‌കൂളുകളില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്നലെ ശാരീരിക അതിക്രമത്തിന് വിധേയരായ രണ്ടുപെണ്‍കുട്ടികളെയും ഞാന്‍ പിന്തുണയ്ക്കുന്നു. ഈ സമയത്ത് ആ പെണ്‍കുട്ടികളെ വിമര്‍ശിക്കാനോ ആക്രമിക്കാനോ പോകാതെ ഇത്തരം പ്രവണതകളുടെ മൂലകാരണത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്.

 

Advertisment