കല്‍പ്പറ്റയില്‍ എല്ലാ മത്സര പരീക്ഷകളുടേയും സെന്‍ററുകള്‍ കൊണ്ടുവരും; വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന ഉറപ്പുമായി കല്‍പ്പറ്റ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖ്

ന്യൂസ് ബ്യൂറോ, വയനാട്
Tuesday, March 30, 2021

കല്‍പ്പറ്റ: പുതിയ ഒരൊറ്റ പോസ്റ്റ് ഗ്രാജ്വേഷന്‍ പോലും അനുവദിക്കാതെയും എളുപ്പത്തില്‍ ആരംഭിക്കാമായിരുന്ന സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്റര്‍ അഞ്ച് വര്‍ഷം നീട്ടിക്കൊണ്ടുപോയും കടുത്ത അവഗണനയിലൂടെ വയനാടിനെ പിന്നോട്ടടിപ്പിച്ച 5 വര്‍ഷങ്ങളുടെ ഭാരം താങ്ങുന്ന ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പ്രതീക്ഷയുടെ വികസനസ്വപ്നങ്ങളുമായി കല്‍പ്പറ്റ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖെത്തി.

വിഖ്യാത വിദേശ സര്‍വ്വകലാശാലകളുടെ കാമ്പസുകള്‍ തുടങ്ങാന്‍ പ്രകൃതിരമണീയവും കുറഞ്ഞ മാര്‍ക്കറ്റ് വിലയുമുള്ള വയനാടിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്ന പ്രഖ്യാപനത്തിലൂടെ ഏത് കാലത്തും ഇന്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തന്നെയായിരിക്കും താനെന്ന സിദ്ദിഖിന്റെ വാക്കുകള്‍ കരഘോഷത്തോടെയാണ് കാമ്പസുകള്‍ ഏറ്റെടുത്തത്.

മണ്ഡലത്തിലെ ഏക ഗവ. കോളജായ കല്‍പ്പറ്റ എന്‍എംഎസ്എമ്മിലും മുട്ടില്‍ ഡബ്ല്യുഎംഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലുമുള്‍പ്പെടെ വിദ്യാര്‍ത്ഥികളെയും അവരുടെ പ്രശ്നങ്ങളെയും കേള്‍ക്കാനെത്തിയ സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ ഇടതുസര്‍ക്കാര്‍ കാലത്തെ അവഗണനയുടെ നീണ്ട ലിസ്റ്റാണ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്.

മണ്ഡലത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ട അസിസ്റ്റന്റ് എഡ്യുക്കേഷനല്‍ ഓഫീസ് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വാടകകെട്ടിടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. പുതിയ പി.ജി കോഴ്സുകളോ ആവശ്യത്തിന് പ്ലസ്റ്റു സീറ്റുകളോ ജില്ലക്ക് അനുവദിച്ചില്ല. ഹൈടെക് സ്‌കൂളുകളാവട്ടെ പേരിലും പ്രഖ്യാപനത്തിലും മാത്രമൊതുങ്ങി.

നേരത്തേ തുടങ്ങാന്‍ ഒരു ബുദ്ധിമുട്ടുമില്ലാതിരുന്ന സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്റര്‍ അഞ്ച് വര്‍ഷം നീട്ടിക്കൊണ്ടുപോയതിലൂടെ എത്ര വിദ്യാര്‍ത്ഥികളുടെ അവസരമാണ് ഈ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. പൊതുപരീക്ഷകളിലും എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷകളിലും സംസ്ഥാനത്തെ അവസാന സ്ഥാനക്കാരാണ് വയനാട്. നാഷണല്‍ അച്ചീവ്മെന്റ് സര്‍വ്വേയിലെ കണക്കുകളും സമാനമാണ്. വിദ്യാഭ്യാസ മേഖലയിലെ പുതിയ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് അുവദിച്ച തുക പോലും ക്രിയാത്മകമായി വിനിയോഗിക്കാന്‍ സര്‍ക്കാരിനായില്ല.

‍പ്രളയത്തില്‍ തകര്‍ന്ന കുറിച്യാട്ടെയും മേപ്പാടി പഞ്ചായത്തിലെയും സ്‌കൂളുകള്‍ ഇടതുസര്‍ക്കാര്‍ അവഗണനയുടെ നേര്‍ചിത്രമായി ജനങ്ങള്‍ക്ക് മുന്നിലുണ്ട്. മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്തെ പരാതി പരിഹരിക്കാന്‍ നിലവിലെ എംഎല്‍എ നേരത്തേ യോഗം വിളിച്ചിരുന്നുവെങ്കിലും ഒരു തുടര്‍നടപടിയുമുണ്ടായില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പാവുമായിരുന്ന മടക്കിമലയിലെ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജും അട്ടിമറിച്ച് പിണറായി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുട്ടിലാക്കിയെന്നും കുട്ടികള്‍ പരാതിപ്പെട്ടു.

ജയിച്ചുവന്നാല്‍ മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റത്തിന് താന്‍ നേതൃത്വം നല്‍കുമെന്ന് സിദ്ദീഖ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി. എല്ലാ മല്‍സര പരീക്ഷകളുടേയും സെന്ററുകള്‍ കല്‍പ്പറ്റയില്‍ കൊണ്ട് വരും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒന്നിച്ച് മറ്റ് ജില്ലകളില്‍ പോകേണ്ടുന്ന ദയനീയ സാഹചര്യം ഒഴിവാക്കും.

വിദേശ സര്‍വ്വകലാശാലകളുടെ കാമ്പസുകള്‍, ശാസ്ത്ര മേഖലയിലെ പുതിയ കോഴ്സുകള്‍, കായികരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പദ്ധതികള്‍, സാങ്കേതിക രംഗത്തെ സാധ്യതകള്‍ ഉപയോഗിക്കാനുതകുന്ന കോഴ്സുകള്‍, കൂടുതല്‍ ഹയര്‍സെക്കണ്ടറി സീറ്റുകള്‍, ഡിഗ്രി, പി.ജി കോഴ്സുകള്‍ എന്നിവയും സിദ്ദിഖ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കി. അവഗണനയുടെ മലമുകളില്‍ ഒറ്റപ്പെട്ടുപോയ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സാധ്യതകളുടെ ആകാശം തുറുന്നുതരുമെന്ന വാക്ക് നല്‍കിയാണ് കാമ്പസുകളില്‍ നിന്ന് നിലക്കാത്ത ആര്‍പ്പുവിളികളേറ്റ് ടി സിദ്ദിഖ് മടങ്ങിയത്.

×