മനില: ഫിലിപ്പീന്‍സിനു ഭീഷണിയായി വീണ്ടും താല്‍ അഗ്‌നിപര്‍വതം. താല്‍ക്കാലിക സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയ ജനങ്ങള്‍ യാതൊരു കാരണവശാലും തിരികെ വീടുകളിലേക്കു വരരുതെന്നു സര്‍ക്കാര്‍ ഉത്തരവിട്ടു.
/sathyam/media/post_attachments/wmFZrNGceDBjt0U0rRlg.jpg)
അഗ്‌നിപര്‍വതം ഇപ്പോള്‍ 'റീചാര്‍ജിങ്' അവസ്ഥയിലാണെന്നും അതിശക്തമായ സ്‌ഫോടനത്തിനു സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. ഒരാഴ്ച മുന്‍പ് അഗ്‌നിപര്‍വതത്തില്‍നിന്നു ശക്തമായ തോതില്‍ ചാരവും പുകയും പുറത്തേക്കു വമിച്ചിരുന്നു.
ഇതിനെതുടര്‍ന്ന് 1.10 ലക്ഷത്തിലേറെ സമീപവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി്. എന്നാല്‍, വീട് വൃത്തിയാക്കാനും ഓമനമൃഗങ്ങളെയും കന്നുകാലികളെയും നോക്കാനുമായി ഇവരില്‍ പലരും വീടുകളില്‍ ഇടയ്ക്കിടെ വന്നുപോകാറുണ്ട്. 14 കിലോമീറ്ററിനുള്ളില്‍ ഏറ്റവും അപകട സാഹചര്യമാണെന്നാണു മുന്നറിയിപ്പ്. തുടര്‍ച്ചയായ ഭൂചലനങ്ങളും സള്‍ഫര്‍ ഡയോക്‌സൈഡ് വമിക്കുന്നതുമാണു താല്‍ അഗ്‌നിപര്‍വതം 'റീചാര്‍ജ്' ചെയ്യുകയാണെന്ന നിഗമനത്തിനു കാരണം.
മാഗ്മ കൂടുതലായി രൂപപ്പെടുകയാണെന്നും ഇതു ശക്തിയേറിയ സ്‌ഫോടനത്തിനു വഴിവയ്ക്കുമെന്നും ഫിലിപ്പീന്‍സ് സീസ്‌മോളജിക്കല്‍ ഏജന്‍സി തലവന്‍ റെനാറ്റോ സോളിഡം അറിയിച്ചു. നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യതലസ്ഥാനമായ മനിലയില്‍നിന്ന് 60 കിലോമീറ്റര്‍ ദൂരെ ലുസാന്‍ ദ്വീപിലാണു താല്‍. ചാരവും പുകയും മനില വരെ എത്തി. മുന്‍കരുതലായി രാജ്യാന്തര വിമാനത്താവളം അടച്ചിരുന്നു. നൂറുകണക്കിനു വിമാന സര്‍വീസുകളും റദ്ദാക്കി. നഗരത്തിലെ പ്രധാന റോഡുകളെല്ലാം ചാരംമൂടി ഗതാഗതം സ്തംഭിച്ചു. രാജ്യത്ത് അപകടാവസ്ഥയിലുള്ള 12 അഗ്‌നിപര്‍വതങ്ങളുണ്ട്. ഇതില്‍ ഏറ്റവും ചെറുതാണു താല്‍.
അഗ്‌നിപര്‍വതത്തിനു മുകളിലെ ആകാശത്തില്‍ കട്ടിപ്പുകയും ചാരവും നിറഞ്ഞു നില്‍ക്കുന്നതിന്റെയും ഇടയ്ക്കിടെയുള്ള മിന്നലുകളുടെയും ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതായിരുന്നു. ഗുരുതര സാഹചര്യമുള്ള ലെവല്‍ നാല് ജാഗ്രതയാണു ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്‍ഡ് സീസ്‌മോളജി പുറപ്പെടുവിച്ചിട്ടുള്ളത്. വരും മണിക്കൂറുകളിലോ ദിവസങ്ങളിലോ അഗ്‌നിപര്‍വതം ഭയങ്കരമായി പൊട്ടിത്തെറിക്കാവുന്ന അവസ്ഥയാണെന്നാണ് ഈ മുന്നറിയിപ്പ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us