ധ്യാൻ ശ്രീനിവാസൻ, അജുവർഗീസ് എന്നിവരെ അണി നിരത്തി ജോൺ വർഗീസ് സംവിധാനം ചെയ്ത അടി കപ്യാരേ കൂട്ടമണി തമിഴ് റീമേക്ക് റിലീസിനൊരുങ്ങുന്നു. ഹോസ്റ്റൽ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അശോക് സെൽവനാണ് നായകൻ. പ്രിയ ഭവാനി ശങ്കറാണ് നായിക. സതീഷ്, നാസർ, കെപിഐ യോഗി, കൃഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നമിത പ്രമോദിന്റെ വേഷത്തിൽ പ്രിയ ഭവാനി ശങ്കർ എത്തുന്നു. മുകേഷ് അവതരിപ്പിച്ച അച്ചൻ വേഷത്തിൽ എത്തുന്നത് തമിഴ് നടൻ നാസർ ആണ്. സുമന്ത് സംവിധാനം ചെയ്യുന്ന ചിത്രം ആർ രവീന്ദ്രനാണ് നിർമിക്കുന്നത്. പ്രവീൺ കുമാർ ഛായാഗ്രഹണവും ബോബോ ശശി സംഗീതവും നിർവഹിക്കുന്നു.
ഒരു ബോയ്സ് ഹോസ്റ്റലിൽ ഒരു പെൺകുട്ടി പെട്ടു പോകുന്നതും അവിടെ നിന്നും പുറത്ത് കടക്കാൻ അവർ ചേർന്ന് നടത്തുന്ന പരിശ്രമങ്ങളുമാണ് അടി കപ്യാരേ കൂട്ടമണിയുടെ പ്രമേയം. കോമഡി ഹൊറർ ചിത്രമായെത്തിയ അടി കപ്യാരേ കൂട്ടമണിയിൽ ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ്, നീരജ് മാധവ്, അജു വർഗീസ്, മുകേഷ്, ബിജുക്കുട്ടൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.