ഇപിഎസ്സോ ഒപിഎസ്സോ? ഒടുവിൽ തെരുവിൽ തല്ലുമോ? അണ്ണാ ഡിഎംകെ നിർണായക യോഗം ഇന്ന്

author-image
kavya kavya
Updated On
New Update

publive-image

ചെന്നൈ : ഇന്ന് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയ്ക്ക് നിർണായക ദിവസം. പാർട്ടിയുടെ പരമോന്നത സമിതിയായ ജനറൽ കൗൺസിൽ യോഗം ചെന്നൈയിലെ വാനഗരത്തിൽ ഇന്ന് നടക്കും. ഇപിഎസ് - ഒപിഎസ് വിഭാഗീയത മൂർച്ഛിച്ച് പ്രവർത്തകർ തെരുവിൽ തല്ലുന്നത് വരെയെത്തിയ സാഹചര്യത്തിലാണ് യോഗം. പ്രതിപക്ഷ നേതാവ് ഇപിഎസിനാണ് ഭൂരിഭാഗം നേതാക്കളുടേയും പിന്തുണ. അതേസമയം ഒപിഎസ് പാർട്ടി പിടിക്കാനുള്ള അവസാന വട്ട പോരിലാണ്.

Advertisment

ജയലളിതയുടെ കാലശേഷം അണ്ണാ ഡിഎംകെ ഭരണഘടന പുതുക്കി ഇനിമേൽ ആരും ജനറൽ സെക്രട്ടറി പദവിയിലേക്ക് വേണ്ട എന്ന് തീരുമാനിച്ചിരുന്നു. ഒ.പനീർശെൽവത്തെ കോ ഓഡിനേറ്ററായും ഇ. പളനിസാമിയെ സഹ കോ ഓഡിനേറ്ററായും തെരഞ്ഞെടുത്ത് ഇരട്ട നേതൃത്വത്തിലായിരുന്നു പ്രവർത്തനം. പ്രതിപക്ഷനേതാവ് സ്ഥാനം കൂടി കിട്ടിയതോടെ പളനിസാമി പാർട്ടി, പാർലമെന്‍ററി പാർട്ടി നിയന്ത്രണം കൈപ്പിടിയിലാക്കി.

അപ്രസക്തനായ പനീർശെൽവം കലാപക്കൊടി ഉയർത്തിയതോടെയാണ് അസ്വാരസ്യത്തിന് തുടക്കം. ഭരണഘടന തിരുത്തി ജനറൽ സെക്രട്ടറി പദം തിരികെക്കൊണ്ടുവന്ന് ഏകനേതൃത്വം കയ്യാളാനുള്ള ശ്രമത്തിലാണിപ്പോൾ പളനിസാമി. ബഹുഭൂരിപക്ഷം ജില്ലാ നേതൃത്വങ്ങളുടേയും ജനപ്രതിനിധികളുടേയും പിന്തുണയും അദ്ദേഹത്തിനുണ്ട്. അതീവ ദുർബലമാണ് നിലയെങ്കിലും വിട്ടുകൊടുക്കാൻ ഒപിഎസ് പക്ഷം തയ്യാറല്ല. കഴിഞ്ഞ ഒരാഴ്ചയായി ഇരുപക്ഷത്തേയും പ്രവർത്തകരുടെ ശക്തിപ്രകടനങ്ങളാണ് തെരുവിൽ. വാക്കേറ്റത്തിലേക്കും തമ്മിലടിയിലേക്കും വരെ ഇത് ചെന്നെത്തി.

സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ ജനറൽ കൗൺസിൽ തടയണമെന്നാവശ്യപ്പെട്ട് ഒപിഎസ് ആവടി കമ്മീഷണർക്ക് നൽകിയ പരാതി പൊലീസ് നിരസിച്ചിരുന്നു. യോഗം തടയണമെന്നാവശ്യപ്പെടുന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളി. ഇനി പാർട്ടി കോ ഓഡിനേറ്റർ എന്ന സാങ്കേതിക അധികാരം ഉപയോഗിച്ച് ഏകനേതൃത്വം തിരികെ കൊണ്ടുവരാനുള്ള ശ്രമം തടയാനാകും ഒപിഎസിന്‍റെ ശ്രമം. ജനറൽ കൗൺസിലിൽ അദ്ദേഹം പങ്കെടുക്കുമോ എന്നും വ്യക്തമല്ല.

നിർണായക യോഗത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ തന്‍റെ വിഭാഗമാണ് യഥാർത്ഥ അണ്ണാ ഡിഎംകെയെന്നും പാ‍ർട്ടി പേരും രണ്ടില ചിഹ്നവും തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും കാട്ടി ഒപിഎസ് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിച്ചു. അതേസമയം ധർമസമരത്തിലാണ് താനെന്നും വിജയം ഉറപ്പെന്നുമാണ് ഇപിഎസിന്‍റെ പ്രതികരണം. വാനഗരത്തിൽ ജനറൽ കൗൺസിൽ യോഗത്തിനായുള്ള ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്.

ഇതിനിടെ ശശികലയുമായി വീണ്ടും കൈകോർക്കാനുള്ള നീക്കങ്ങളും ഒപിഎസ് നടത്തുന്നു. പാർട്ടി പിടിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടാൽ അണ്ണാ ഡിഎംകെ വീണ്ടും പിളർപ്പിലേക്ക് നീങ്ങുമെന്നാണ് നിലവിലെ സൂചന.

Advertisment