Advertisment

ടാക്‌സി കാറിന് മുകളില്‍ വിളഞ്ഞ പച്ചക്കറിത്തോട്ടം; ഇത് അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടം

author-image
admin
New Update

publive-image

Advertisment

തലവാചകം വായിക്കുമ്പോള്‍ ചിലരെങ്കിലും നെറ്റി ചുളിച്ചേക്കാം. പക്ഷെ സംഗതി സത്യമാണ്. ടാക്‌സിക്കാറിന് മുകളില്‍ പച്ചക്കറി തോട്ടം ഒരുങ്ങിയിരിക്കുകയാണ്. ഇതിന് പിന്നില്‍ ഒരു കഥയുമുണ്ട്. കൊവിഡ് എന്ന മഹാമാരി ലോകത്ത് തീര്‍ത്ത പ്രതിസന്ധിയുടെ അനന്തര ഫലങ്ങളില്‍ ഒന്നാണ് ഈ പച്ചക്കറി തോട്ടം എന്നും പറയാം. മറ്റൊരു തരത്തില്‍ പറഞ്ഞല്‍ അതിജീവനത്തിന് വേണ്ടിയുള്ള വേറിട്ട ഒരു പേരാട്ടം കൂടിയാണ് ഇത്.

കൊവിഡ്ക്കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലുമുള്ള നിരവധിപ്പേരാണ് പ്രതിസന്ധിയിലായത്. ചിലര്‍ക്ക് ജോലി നഷ്ടമായി. മറ്റു ചിലര്‍ക്ക് വരുമാന മാര്‍ഗങ്ങളും ഇല്ലാതായി. തായ്‌ലന്‍ഡിലെ ബാങ്കോക്ക് പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍മാരുടെ ജീവിതത്തിലും കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. വിനോദ സഞ്ചാരത്തിന് പേരു കേട്ട ഇവിടെ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ടാക്‌സികളും നിശ്ചലമായി. പലയിടങ്ങളിലും ടാക്‌സികള്‍ നിരനിരയായി വെറുതെ കിടക്കാന്‍ തുടങ്ങിയിട്ടും നാളുകള്‍ ഏറെയായി.

ടാക്‌സികളുടെ ഓട്ടം നിലച്ചതോടെ ഡ്രൈവര്‍മാരില്‍ പലരും നഗരത്തില്‍ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്തത്. ഉപേക്ഷിക്കപ്പെട്ട ടാക്‌സികള്‍ ഒടുവില്‍ ഒരു കമ്പനി ഏറ്റെടുത്തു. ശേഷം അതിന് മുകളില്‍ പച്ചക്കറി കൃഷിയും തുടങ്ങി. ജോലിയില്ലാതായ ഡ്രൈവര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ചെറിയ രീതിയില്‍ സഹായമെത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ഉദ്യമം.

കാറിന് മുകളില്‍ മുളകള്‍ വെച്ച് ചെറിയൊരു രീതിയില്‍ സ്ഥലം തയാറാക്കിയ ശേഷം അതില്‍ ഷീറ്റ് വിരിച്ച് മണ്ണ് നിറയ്ക്കുകയായിരുന്നു. തുടര്‍ന്ന് പച്ചക്കറികളും ചെടികളും മറ്റും നട്ടു. വിളയുന്ന പച്ചക്കറികള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കും. മിച്ചമുള്ളത് ചന്തകളില്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ശ്രമമാണ് കാറിന് മുകളിലെ ഈ പച്ചക്കറി കൃഷി.

life style
Advertisment