ജിദ്ദ: മാർച്ച് മാസത്തിലെ തണുത്ത വാരാന്ത്യങ്ങളിൽ കായിക പ്രേമികൾക്ക് ക്രിക്കറ്റിന്റെ ഉശിരും ചൂടും പകർന്ന് നൽകിയ ജിദ്ദയിലെ ടി.സി.എഫ് എഫ്.എസ്.എൻ ചാമ്പ്യന്‍സ് ട്രോഫി ടൂർണമെന്റ് കൊട്ടിക്കലാശം വെള്ളിയാഴ്ച 7 മണിക്ക് ബി.എം.ടി ഗ്രൗണ്ടില്‍ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ അരങ്ങേറും. കലാശപ്പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ യങ്സ്റ്റാർ റോയൽ ഫൈറ്റർസിനെ നേരിടും.
ടൂർണമെന്റിലെ മികച്ചതും കപ്പ് സാധ്യത കൽപ്പിച്ച ടീമുകൾ പങ്കെടുത്ത ആദ്യ സെമി ഫൈനൽ മത്സരത്തിൽ കായാനി ക്രിക്കറ്റ് ക്ലബ്ബിനെ ആറു വിക്കറ്റിന് തോൽപ്പിച്ചാണ് യങ്സ്റ്റാർ രണ്ടാം തവണയും ടി.സി.എഫ് ഫൈനൽ മത്സരത്തിന് യോഗ്യത നേടുന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കായാനി ക്രിക്കറ്റ് ക്ലബ് ഓപ്പണിങ് നിര അവസരത്തി നുയർന്നില്ല. യങ്സ്റ്റാറിനു വേണ്ടി ഓപ്പണിങ് ബൗളിംഗ് ചെയ്ത സൗദി ക്രിക്കറ്റ് ടീം അംഗം ഇബ്‌റാർ ഉൽ ഹക്കും (രണ്ട് ഓവറിൽ 6 റൺസ്) അബ്ദുൽ റഹ്‌മാനും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു.
അവസാന ഓവറുകളിൽ ഇസ്‌റാറും (14 റൺസ്), ബിലാൽ (12) റൺസ് വേഗം കൂട്ടി കായാനി ക്രിക്കറ്റ് ക്ലബിന് പൊരുതാനുള്ള സ്കോർ ആയ 10 ഓവറിൽ 85 റൺസ് നേടി. സമി ഉൽ റഹ്മാനും അൽവാർ ഉൽ ഹക്കും 20 റൺസ് വീതം നേടി. തുടർന്ന് ബാറ്റ് ചെയ്ത യങ്സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ ക്യാപ്റ്റൻ റഫാക്അത്തും സയ്ദ് റിസ്‌വിയും മൂന്നാമത്തെ ഓവറിൽ തന്നെ ടീം ടോട്ടൽ 30 കടത്തി.
മൂന്നാം ഓവറിൽ റഫാഖ്ത് (12 പന്തിൽ 18 റൺസ്) പുറത്തായെങ്കിലും സയ്ദ് റിസ്‌വിയും (14 പന്തിൽ 37 റൺസ്) സമിയുള്ള (പുറത്താകാതെ 15 റൺസ്) ടീമിന് അനായാസ വിജയം നൽകി ഫൈനൽ ബെർത്ത് നേടി. കായാനി ക്രിക്കറ്റ് ക്ലബിന് വേണ്ടി ബിലാൽ 3 വിക്കറ്റ് വീഴ്ത്തി. സയ്ദ് റിസ്‌വി ആണ് മാൻ ഓഫ് ദി മാച്ച്.
ആവേശകരമായ രണ്ടാം സെമി ഫൈനലിൽ ടസ്‌കേഴ്‌സിനെ 10 റൺസിന് കീഴടക്കിയാണ് ഈ വർഷത്തെ കറുത്ത കുതിരകളായ റോയൽ ഫൈറ്റർ ആദ്യമായി ടി.സി.എഫ് ടൂർണമെന്റ് ഫൈനലിൽ പ്രവേശിക്കുന്നത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റോയൽ ഫൈറ്റർ തുടക്കം പതറിയെങ്കിലും പിന്നീട് നന്നായി കളിച്ചു.
ആദ്യ ഓവറിൽ തന്നെ ടസ്കർ ബൗളർ മസ്ഹർ അപകടകാരിയായ ആമിർ മുഹമ്മദിനെ ക്ലീൻ ബൗൾഡ് ആക്കിയെങ്കിലും തുടർന്ന് വന്ന മുഹമ്മദ് വക്കാസും (17 പന്തിൽ 28 റൺസ്) മുഹമ്മദ് റഫീഖുലും (18 പന്തിൽ 21 റൺസ്) ഭദ്രമായ ഇന്നിംഗ്സ് പടുത്തുയർത്തി. അവസാന ഓവറുകളിൽ ആഞ്ഞു വീശിയ ആമിർ റഷീദ് 20 പന്തിൽ 38 റൺസ് നേടി
ടീമിനെ 4 വിക്കറ്റിന് 126 റൺസ് എന്ന മികച്ച ടോട്ടൽ നൽകി. തുടർന്ന് ബാറ്റിംഗ് തുടങ്ങിയ ടസ്‌കേഴ്‌സ് ഓപ്പണിങ് നിര റോയൽ ഫൈറ്റേഴ്സിന്റെ ബൗളിംഗ് നിരയ്ക്ക് മുൻപിൽ ആദ്യ നാല് ഓവറുകളിൽ ഇഴഞ്ഞു നീങ്ങി. ഏഴു ഓവറുകൾ കഴിഞ്ഞപ്പോൾ 48 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ നിന്ന് അവസാന മൂന്ന് ഓവറുകളിൽ ഉസ്മാൻ (പുറത്താകാതെ 17 പന്തിൽ 60 റൺസ്) നടത്തിയ വെടിക്കെട്ട് ബാറ്റിങ് കാണികളെ ഹരം കൊള്ളിച്ചു
എങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. 10 റൺസിന്റെ വിജയം നേടിയ റോയൽ ഫൈറ്റേഴ്സ് ഫൈനലിൽ യങ്സ്റ്റാറിനെ നേരിടും. റഫീഖുൽ ഇസ്‌ലാം ആണ് മാൻ ഓഫ് ദി മാച്ച്. അതിവേഗ അർദ്ധ സെഞ്ച്വറി നേടിയ ഉസ്മാൻ പ്രത്യേക ട്രോഫി നേടി.
നേരത്തെ മുഹമ്മദ് അസത്ത് (സെയിൽസ് മാനേജർ, ലെ മെറിഡിയൻ), റാഹത്ത് ചൗദരി (അമ്പയർ ട്രെയിനർ, സൗദി ക്രിക്കറ്റ് സെന്റർ), കൃഷ്ണകുമാർ (സെയിൽസ് മാനേജർ, റമദാ കോണ്ടിനെന്റൽ), പോൾസൺ (സ്പോർട്സ് റിപ്പോർട്ടർ, സൗദി ഗസറ്റ്), മിദ്‌ലാജ് (എഫ്. എസ്. എൻ), അബ്ദുൽ കരീം കെ.എം (ടി.എം.ഡബ്ല്യൂ, എ) എന്നിവർ സെമി ഫൈനൽ ടീമിനെ പരിചയപ്പെടുകയും കളിക്കാരുടെ കൂടെ ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.
എഫ്.എസ്.എൻ മുഖ്യ പ്രായോജകർ ആയ ടൂര്നമെന്റിന്റെ സഹ പ്രായോജകർ ബൂപ, താമിർ, അസെൻഷ്യ ഡയബറ്റിക് കെയർ, മാസും ലോജിസ്റ്റിക്, കൂൾ ഡിസൈൻ, പ്രൈമ് എക്സ്പ്രസ്സ്, അൽ അബീർ ഉംറ സെർവിസ്സ് എന്നിവർ ആണ്. സൗദിയിലെ അംഗീകൃത ക്രിക്കറ്റ് ബോർഡ് ആയ സൗദി ക്രിക്കറ്റ് സെന്ററുമായി (എസ്.സി.സി) സഹകരിച്ചാണ് പത്താം എഡിഷൻ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
വിജയികള്‍ക്കുള്ള ട്രോഫിയും റണ്ണേഴ്‌സ്കപ്പും കൂടാതെ മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ്, ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍, ബെസ്റ്റ് ഫീല്‍ഡര്‍, ബെസ്റ്റ് ഓള്‍ റൗണ്ടര്‍, ഹാട്രിക് ബൗളര്‍ എന്നീ സമ്മാനങ്ങളും സ്പിരിറ്റ് ഓഫ് ദി ഗെയിം അവാര്‍ഡും സമ്മാനിക്കുന്നതാണ്. അലി റെസ ട്രാവെൽസ് സ്പോൺസർ ചെയ്യുന്ന ടിക്കറ്റും മറ്റ് ആകർഷകമായ സമ്മാനങ്ങളും വ്യക്തിഗത ചാമ്പ്യന്മാർക്ക് സമ്മാനിക്കും.
കൂടാതെ പ്രവചന മത്സരവും കഴിഞ്ഞ ദിവസ്സങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കാണികളില്‍ നിന്ന് നറുക്കെടുക്കുന്ന വിജയികള്‍ക്ക് അന്താരാഷ്‌ട്ര വിമാന ടിക്കറ്റ് അടക്കം ആകർഷകങ്ങളായ ബംബർ സമ്മാനങ്ങളും വെള്ളിയാഴ്ച നടക്കുന്ന സമ്മാനദാന ചടങ്ങില്‍ നല്‍കുന്നതാണ്.
ഫൈനൽ മത്സരത്തിൽ എഫ്.എസ്.എൻ റീജിണൽ മാനേജർ അഫ്സൽ ബാബു ആദിരാജ ആണ് മുഖ്യ അതിഥി. ടൂർണമെന്റിൽ കളിച്ച കളിക്കാരും ക്രിക്കറ്റ് പ്രേമികളും ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും ഫൈനൽ മത്സരങ്ങൾക്കും സമ്മാനദാന ചടങ്ങുകൾക്കും സന്നിതരാകും.