/sathyam/media/post_attachments/qMp9hb5bKScFQK74UYEy.jpg)
പാലക്കാട്: ഈ ദുരിത കാലം മറികടക്കാന്‍ കരുതല്‍ തന്നെകവചമെന്ന സന്ദേശവുമായി തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻ്ററി സ്ക്കൂൾ. ആരോഗ്യമേഖലയിൽ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്ന പ്രത്യേകപരിപാടിയുമായിട്ടാണ് അധ്യാപകർ കുട്ടികൾക്കിടയിലേക്കെത്തുന്നത്.
കോവിഡ് 19 അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ വിദ്യാർത്ഥികളുടെയും കുടുബാംഗങ്ങളുടെയും ആരോഗ്യസ്ഥിതിയെ കുറിച്ച് പഠിക്കാനും അവർ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കാനും അവർക്ക് ആവശ്യമായ പിന്തുണയും, ആത്മവിശ്വാസവും നൽകാൻ വേണ്ടി സ്ക്കൂളിൽ പഠിക്കുന്ന 3500 കുട്ടികളുടെയും വീടുകളിൽ ഓൺലൈൻ ആരോഗ്യ സർവ്വേ നടത്തുകയാണ് വിദ്യാലയം.
കോവിഡ് 19 ബാധിച്ച് ഭേദമായവർ, നിലവിലെ രോഗബാധിതർ, വാക്സിൻ സ്വീകരിച്ചവർ,കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ, ഓൺലൈൻ പ0ന മേഖലയിൽ കുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ 17 ചോദ്യങ്ങൾ അടങ്ങിയ ഓൺലൈൻ ഗൂഗിൾ ഫോം ഉപയോഗിച്ചാണ് സർവ്വേ നടത്തുന്നത്.
കുട്ടികൾക്കും രക്ഷിതാക്കർക്കും വളരെ ലളിതമായി ഉപയോഗിക്കാവുന്ന രൂപത്തിലാണ് സ്ക്കൂളിലെ ഐ.ടി അധ്യാപകർ ഇത് തയ്യാറാക്കിയിരിക്കുന്നത്. വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇതിൻ്റെ ലിങ്ക് എല്ലാ കുട്ടികളിലും എത്തിക്കും.
സർവ്വേ റിപ്പോർട്ട് കിട്ടിയതിന് ശേഷം ഈ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് മാനേജർ വൽസൻ മഠത്തിൽ, പ്രിൻസിപ്പൽ വി.പി ജയരാജൻ, ഹെഡ്മാസ്റ്റർ ബെന്നി കെ ജോസ്, പി.ടി.എ പ്രസിഡണ്ട് രാമചന്ദ്രൻ എന്നിവർ അറിയിച്ചു.
ഓൺലൈൻ പ0ന പ്രവർത്തനങ്ങൾക്ക് പുറമെ ഗൂഗിൾ മീറ്റ് വഴി രക്ഷിതാക്കളുടെ യോഗങ്ങളും വിദ്യാലയം നടത്തിയിരുന്നു. കുട്ടികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ രൂപം നൽകിയ സർവേ പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരത്തിന്റെ മാതൃകയായി.