/sathyam/media/post_attachments/O9bV0zGNSp9DUnEaboD0.jpg)
ബംഗലൂരു: കര്‍ണാടകയില്‍ ക്ലാസ്മുറിയില്‍ വച്ച് മുസ്‌ലീം വിദ്യാര്‍ത്ഥിയെ ഭീകരവാദിയെന്ന് വിളിച്ച് അധ്യാപകന്‍. ക്ലാസ് നടക്കുന്നതിനിടയിലാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ഭീകരവാദിയെന്ന് വിളിച്ചത്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് സംഭവം. വിദ്യാര്‍ത്ഥി ഉടന്‍ തന്നെ ഇതിനെതിരെ പ്രതികരിക്കുകയും അധ്യാപകനെ ചോദ്യം ചെയ്യുകയും ചെയ്തു. അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുണ്ടായ തര്‍ക്കം ക്ലാസിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥി മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തില്‍ വിദ്യാര്‍ത്ഥി പ്രതികരിക്കാന്‍ തുടങ്ങിയതോടെ പ്രശ്‌നം രൂക്ഷമാകുമെന്ന് ഭയന്ന അധ്യാപകന്‍ 'നിങ്ങള്‍ എനിക്ക് എന്റെ സ്വന്തം മക്കനെ പോലെയാണ്' എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്വന്തം കുട്ടിയുടെ മുഖത്ത് നോക്കി നിങ്ങള്‍ തീവ്രവാദി എന്ന് വിളിക്കുമോ എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ മറുപടി. തുടര്‍ന്ന് സംഭവം ഗൗരവമാകുന്നത് കണ്ട അധ്യാപകന്‍ വിദ്യാര്‍ത്ഥിയോട് മാപ്പപേക്ഷിച്ചു. ഇതും വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതോടെ അധ്യാപകന്റെ പെരുമാറ്റത്തിനെതിരെ വലിയ രീതിയിലുളള പ്രതിഷേധങ്ങളാണ് ഉയരുന്നത്.