എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ഏറെ വിവാദമായ ഒന്നായിരുന്നു ട്വിറ്ററിലെ പണമടച്ചുള്ള വെരിഫിക്കേഷൻ. നേരത്തെ പ്രശസ്തരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മറ്റും നൽകിയിരുന്ന നീല വെരിഫിക്കേഷൻ ബാഡ്ജിന് പ്രതിമാസം നിശ്ചിത തുക ഈടാക്കുന്നതാണ് പുതിയ പദ്ധതി. ഇപ്പോൾ ഇത് വീണ്ടും വിവാദമായിരിക്കുകയാണ്.
/sathyam/media/post_attachments/BoYTDHb0ZARvAAuPqXnj.jpg)
അമേരിക്കയിലെ ലോകപ്രശസ്ത മാധ്യമ സ്ഥാപനമായ ന്യൂയോർക് ടൈംസിന്റെ ട്വിറ്റർ പേജിനുള്ള ‘വെരിഫൈഡ് ബ്ലൂടിക്’ ട്വിറ്റർ നീക്കം ചെയ്തിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ‘ബ്ലൂടിക്കി’ന് വേണ്ടി ഇലോൺ മസ്കിന് പണം നൽകാൻ തങ്ങൾ തയ്യാറല്ലെന്ന് ന്യൂയോർക് ടൈംസ് അറിയിച്ചതിനെ തുടർന്നാണ് നടപടി. ഔദ്യോഗിക സ്ഥാപനങ്ങൾക്ക് ട്വിറ്റർ നൽകിവരുന്ന ഗോൾഡൻ വെരിഫിക്കേഷൻ മാർക്കും ന്യൂയോർക് ടൈംസിന് നൽകിയിട്ടില്ല.
ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂഷണൽ ട്വിറ്റർ അക്കൗണ്ടുകളുടെ വെരിഫിക്കേഷനായി പ്രതിമാസ ഫീസ് അടയ്ക്കാൻ ഞങ്ങൾ പദ്ധതിയിടുന്നില്ല എന്നാണ് ന്യൂയോർക് ടൈംസ് വക്താവ് പ്രതികരിച്ചത്. ലോസ് ഏഞ്ചൽസ് ടൈംസ് പോലുള്ള മറ്റ് പ്രസിദ്ധീകരണങ്ങളും വൈറ്റ് ഹൗസ് പോലുള്ള പൊതു സ്ഥാപനങ്ങളും ലെബ്രോൺ ജെയിംസ് ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും ബ്ലൂ ടിക്ക് സേവനങ്ങൾക്ക് പണം നൽകില്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു.
അതേസമയം ഏത് വലിയ സെലിബ്രിറ്റി ആയാലും വെരിഫിക്കേഷൻ ബാഡ്ജ് വേണമെങ്കിൽ പണം നൽകണമെന്നാണ് ട്വിറ്ററിന്റെ നിലപാട്. ഇലോൺ മസ്ക് തന്നെ അക്കാര്യം നേരിട്ട് അറിയിച്ചിരുന്നു. അങ്ങനെ ചെയ്യാതിരുന്നാൽ, സാധാരണക്കാരായ യൂസർമാരോട് ചെയ്യുന്ന അനീതിയാകുമെന്നാണ് മസ്കിന്റെ വാദം.