ഏറ്റവും മികച്ച തൊഴിലിടമായി അംഗീകരിക്കപ്പെട്ടിട്ടുള്ള കമ്പനിയാണ് ഗൂഗിൾ. ഗൂഗിളിൽ ജോലി എന്നാൽ പലർക്കും ഒരു സ്വപ്നം തന്നെയാണ്. ജീവനക്കാർക്ക് അമേരിക്കൻ ടെക് ഭീമൻ നൽകിവരുന്ന സൗകര്യങ്ങൾ ആരെയും കൊതിപ്പിക്കുന്നതാണ് എന്നത് തന്നെയാണ് ഇതിന് പിന്നിലെ കാര്യം. ഗൂഗിളിന്റെ ഓഫീസിനുള്ളിൽ മസാജ് സൗകര്യങ്ങളും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മനോഹരമായ പാർക്കുകളും ഉദ്യാനങ്ങളും ജിംനേഷ്യവും മാനസികോല്ലാസത്തിനായി പലതരം ഗെയിമുകൾ വരെയുണ്ട്.
അതേസമയം ഇപ്പോൾ നേരിടുന്ന സാമ്പത്തിക ഞെരുക്കം ഗൂഗിളിനെയും മാറ്റിച്ചിന്തിപ്പിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ജീവനക്കാർക്ക് നൽകിവരുന്ന പല ആനുകൂല്യങ്ങളും വെട്ടിക്കുറക്കുകയാണ് സെർച്ച് എൻജിൻ ഭീമൻ. കമ്പനിക്ക് ചെലവേറിയ ചില ആനുകൂല്യങ്ങൾ ഗൂഗിൾ വെട്ടിക്കുറക്കാൻ പോകുന്ന കാര്യം ബിസിനസ് ഇൻസൈഡറാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജീവനക്കാർക്ക് ഗൂഗിളിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റൂത്ത് പോരാറ്റ് അയച്ച മെമ്മോയിലെ വിവരങ്ങളാണ് ഇൻസൈഡർ പുറത്തുവിട്ടത്.
/sathyam/media/post_attachments/ek6hvqLBeL0dkSUpT2dQ.jpg)
റിപ്പോർട്ട് അനുസരിച്ച് ലഘുഭക്ഷണങ്ങൾക്കായി ഓഫീസിൽ തുറന്ന മൈക്രോ കിച്ചണുകൾ ഗൂഗിൾ വ്യാപകമായി പൂട്ടാൻ പോവുകയാണ്. ജീവനക്കാർക്ക് ധാന്യങ്ങൾ, എസ്‌പ്രെസോ, സെൽറ്റ്‌സർ വാട്ടർ എന്നിവ പോലുള്ള ലഘുഭക്ഷണങ്ങൾ സൗജന്യമായി നൽകുന്ന സംവിധാനമാണ് മൈക്രോ കിച്ചണുകൾ.
കൂടാതെ കമ്പനി ലഞ്ച്, അലക്കു സേവനങ്ങൾ, മസാജ് എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ടെക് ഭീമൻ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും എന്നും റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ, ചെലവ് ലാഭിക്കുന്നതിനായി ഗൂഗിൾ അതിന്റെ നിയമന പ്രക്രിയയും മന്ദഗതിയിലാക്കാൻ പോവുകയാണ്. ലാപ്‌ടോപ്പുകൾ പോലുള്ള വ്യക്തിഗത ഉപകരണങ്ങൾക്കായി പണം ചെലവഴിക്കുന്നത് നിർത്തുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്.