ഐഫോൺ ഉപയോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകി ആപ്പിൾ. പേസ് മേക്കർ അല്ലെങ്കിൽ ശരീരത്തിൽ ഘടിപ്പിച്ച മറ്റേതെങ്കിലും മെഡിക്കൽ ഉപകരണം ഉപയോഗിക്കുന്ന ആളുകളെ ഉദ്ദേശിച്ചാണ് ആപ്പിളിൻറെ മുന്നറിയിപ്പ്.
ഇത്തരത്തിലുള്ളവർ 15.2 സെന്റീമീറ്റർ ദൂരത്തിലെങ്കിലും നെഞ്ചിൽ നിന്ന് ഫോൺ അകറ്റി നിർത്തണമെന്നാണ് ആപ്പിൾ നിർദേശിക്കുന്നത്.
കമ്പനി ബ്ലോഗ് പോസ്റ്റിലാണ് തങ്ങളുടെ ഉപകരണങ്ങളിലെ ശക്തമായ വൈദ്യുത കാന്തിക മണ്ഡലവും കാന്തങ്ങളും ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ജീവൻരക്ഷാ ഉപകരണങ്ങളെ സ്വാധീനിച്ചേക്കാമെന്ന ആശങ്ക വ്യക്തമാക്കിയത്.
15.2 സെന്റീമീറ്റർ സുരക്ഷിതമായ അകലത്തിൽ ഐഫോൺ അടക്കം ആപ്പിൾ ഉപകരണങ്ങൾ വയ്ക്കുകയെന്ന പോംവഴിയാണ് ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിനായി നിർദേശിച്ചിരിക്കുന്നത്.
മുന്നറിയിപ്പിൽ ആപ്പിൾ വാച്ച്, മാക് കമ്പ്യൂട്ടറുകൾ, ഐപാഡ്, ടാബ്‌ലെറ്റുകൾ എന്നിവയും കൂടാതെ ഐഫോൺ 13, ഐഫോൺ 14 സ്മാർട്ട് ഫോൺ പതിപ്പുകളും ഉൾപ്പെടുന്നു.