/sathyam/media/media_files/2025/10/20/aws-2025-10-20-17-58-02.jpg)
കൊച്ചി: ആമസോണിന്റെ ക്ലൗഡ് സർവീസ് യൂണിറ്റായ ആമസൺ വെബ് സർവീസ്(AWS) പണി മുടക്കിയതോടെ വിവിധ ഓൺലൈൻ സൈറ്റുകൾ പ്രവർത്തന രഹിതമായി.
ആമസോണിന്റെ സൈറ്റുകളും സ്നാപ്ചാറ്റ്, ജനപ്രിയ ഫോട്ടോ എഡിറ്റിങ് ടൂളായ കാൻവയും ഉൾപ്പെടെയുള്ളവയാണ് തകരാർ നേരിട്ടത്. കണക്ടിങ് പ്രശ്നമാണ് സൈറ്റുകളെ ബാധിച്ചിരിക്കുന്നത്.
എഐ സെർച്ച് എൻജിൻ പെർപ്ലെക്‌സിറ്റി, ഓൺലൈൻ എഡ്യുക്കേഷൻ പ്ലാറ്റ്‌ഫോം യുഡെമി, വീഡിയോ കോൺഫറൻസിങ്ങിനായുള്ള സൂം, മെസേജിങ് പ്ലാറ്റ്‌ഫോം സിന്ഗൽ, ട്രേഡിങ് പ്ലാറ്റ്‌ഫോമായ റോബിൻഹുഡ് എന്നിവയും പണിമുടക്കിയിരിക്കുകയാണ്.
പ്രശ്നം പരി​ഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പെർപ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ച മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
കമ്പനികൾക്കും സർക്കാരുകൾക്കും വ്യക്തികൾക്കും ആവശ്യാനുസരണം കമ്പ്യൂട്ടിംഗ് പവർ, ഡാറ്റ സംഭരണം, മറ്റ് ഡിജിറ്റൽ സേവനങ്ങൾ എന്നിവ ആമസൺ വെബ് സർവീസ് നൽകുന്നു.
അതിന്റെ സെർവറുകളിലെ തടസ്സങ്ങൾ അതിന്റെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിനെ ആശ്രയിക്കുന്ന വെബ്‌സൈറ്റുകളിലും പ്ലാറ്റ്‌ഫോമുകളിലും തടസ്സങ്ങൾക്ക് കാരണമാകും. എന്നാൽ പ്രശ്നത്തിനോട് ആമസൺ വെബ് സർവീസും ആമസോണും പ്രതികരിച്ചിട്ടില്ല. അതേസമയം ചില പ്ലാറ്റ്‌ഫോമുകളുടെ സേവനങ്ങൾ ഭാഗികമായി പുനരാരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.