/sathyam/media/media_files/2025/07/10/untitledbrasilupi-2025-07-10-11-04-24.jpg)
പണം കൈയില്‍കൊണ്ടു നടക്കുന്ന പരിപാടി ഇപ്പോള്‍ കുറഞ്ഞുവരികയാണ്. ഒരു ചായ കുടിക്കുന്നതിന് പോലും ഗൂഗിള്‍പേയോ ഫോണ്‍പേയോ പേടിഎമ്മോ വഴിയാണ് ഇപ്പോള്‍ മിക്കവരും കാശ് നല്‍കുന്നത്. നമ്മുടെ നാട്ടില്‍ തന്നെ ട്രെയിന്‍ ടിക്കറ്റെടുക്കാനും, കെഎസ്ആര്‍ടിസി ടിക്കറ്റിനും എന്തിനേറെ ഓട്ടോ ചാര്‍ജ് നല്‍കാന്‍ പോലും യുപിഐ ഉപയോഗിക്കുന്നത് കൂടിവരികയാണ്.ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തില്‍ വലിയ വളര്‍ച്ചയാണ് ഈ കാലത്ത് ഉണ്ടായിട്ടുള്ളതെന്ന് സാരം.
എന്നാല്‍ വരുംകാലത്ത് യുപിഐ ഇടപാടുകള്‍ സൗജന്യമാകില്ലെന്ന് സൂചന നല്‍കിയിരിക്കുകയാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. ഇപ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനും ബ്രോഡ്ബാന്‍ഡ് ബില്‍ അടയ്ക്കുമ്പോഴുമൊക്കെ ചില യുപിഐ സേവനദാതാക്കള്‍ ഒരു രൂപയോ രണ്ടു രൂപയോ ഒക്കെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇനി എല്ലാ ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ എന്തായാരിക്കും സ്ഥിതി? അടുത്തിടെ റിസര്‍വ് ബാങ്കും ചില ബാങ്കുകളും നടത്തിയ നീക്കങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എന്താണ് ഈ വിഷയത്തിലെ യഥാര്‍ത്ഥ വസ്തുത? നമുക്ക് പരിശോധിക്കാം.
രാജ്യത്ത് പ്രതിമാസം കോടിക്കണക്കിന് യുപിഐ ഇടപാടുകളാണ് നടക്കുന്നത്. നിലവില്‍ ബാങ്ക് അക്കൗണ്ടുകള്‍ തമ്മിലുള്ള യുപിഐ പണമിടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ ഒരു ഫീസും നല്‍കേണ്ടതില്ല. എന്നാല്‍, യുപിഐ സംവിധാനം സൗജന്യമായി നിലനിര്‍ത്താന്‍ വലിയ സാമ്പത്തിക ചിലവുണ്ടെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്നെ പറയുന്നത്. ഈ ചിലവ് ആരെങ്കിലും വഹിക്കണം, അല്ലാത്തപക്ഷം ഈ സംവിധാനം ദീര്‍ഘകാലത്തേക്ക് ഈ രീതിയില്‍ തുടരാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കുന്നു. ഇത് യുപിഐ ഇടപാടുകള്‍ക്ക് ഭാവിയില്‍ ചാര്‍ജ് ഈടാക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഈ വിഷയം ആദ്യമായി ചര്‍ച്ചയായത് 2022-ല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെയാണ്. യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച അഭിപ്രായങ്ങള്‍ തേടുകയായിരുന്നു അന്നത്തെ ആര്‍ബിഐ നീക്കം. എന്നാല്‍ അന്ന് കേന്ദ്ര ധനമന്ത്രാലയം ഉടന്‍ തന്നെ ഈ വിഷയത്തില്‍ വ്യക്തത വരുത്തി. ഉപഭോക്താക്കളില്‍ നിന്ന് ഒരു കാരണവശാലും യുപിഐ സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കില്ലെന്നും യുപിഐ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി.