ചന്ദ്രയാന്‍ -3 ന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ താഴത്തലും വിജയകരം. ഇതോടെ പേടകം ചന്ദ്രോപരിതലത്തിലേക്ക് കൂടുതല്‍ അടുത്തു. ഇനി പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡര്‍ മൊഡ്യൂളും വേര്‍തിരിക്കുന്നതിന് തയ്യാറെടുക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ചന്ദ്രയാന്‍ -3യെ ചന്ദ്രനില്‍ നിന്ന് 153 കിലോമീറ്റര്‍ x 163 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണ് എത്തിച്ചത്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡര്‍ മൊഡ്യൂളും വെവ്വേറെ യാത്രകള്‍ക്കായി സജ്ജമാകുമ്പോള്‍ തയ്യാറെടുപ്പുകള്‍ക്കുള്ള സമയമാണിത്, ഐഎസ്ആര്‍ഒ എക്‌സ് പോസറ്റില്‍ പറഞ്ഞു. ബഹിരാകാശ പേടകത്തിന്റെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ വേര്‍തിരിക്കുന്നത് നളെയാകുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
ജൂലൈ 14 ന് വിക്ഷേപിച്ചതിന് ശേഷം, ഓഗസ്റ്റ് 5 ന് ചാന്ദ്രയാന്‍ -3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു, തുടര്‍ന്ന് ആഗസ്ത് 6, 9, 14 തീയതികളില്‍ തുടര്‍ച്ചയായി മൂന്ന് ഭ്രമണപഥം കുറയ്ക്കുന്നതിനുള്ള നടപടികള്‍ പേടകത്തെ ചന്ദ്രനോട് കൂടുതല്‍ അടുപ്പിച്ചു. ദൗത്യം പുരോഗമിക്കുമ്പോള്‍, ചന്ദ്രയാന്‍ -3 ന്റെ ഭ്രമണപഥം ക്രമേണ കുറയ്ക്കുന്നതിനും ചന്ദ്രധ്രുവങ്ങള്‍ക്ക് മുകളില്‍ സ്ഥാപിക്കുന്നതിനുമായി ഐഎസ്ആര്‍ഒ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയില്‍ പേടകം സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാണ് പദ്ധതി.