/sathyam/media/media_files/7MBziRaFu2cW5dLFCXsQ.jpg)
ആപ്പിൾ ഐഫോണുകൾ ഉപയോഗിക്കുന്നത് വിലക്കി ചൈന. അത്തരം വിശേദ നിർമിത ഉപകരണങ്ങൾ ഓഫീസിലേക്ക് കൊണ്ടുവരരുതെന്നും സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാൾസ്ട്രീറ്റ് ജേണലാണ് ചൈനീസ് സർക്കാരിന്റെ പുതിയ നീക്കത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തത്.
വിലക്കിന്റെ വ്യാപ്തി എത്രത്തോളം വലുതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. യുഎസിനുശേഷം ഐഫോണുകളുടെ ഏറ്റവും വലിയ വിപണിയാണ് ചൈന. അതുകൊണ്ട് തന്നെ പുതിയ നീക്കം ആപ്പിളിന്റെ ബിസിനസിനെ ദോഷകരമായി ബാധിക്കും. ആപ്പിളിന്റെ വരുമാനത്തിന്റെ അഞ്ചിലൊന്ന് ചൈനീസ് വിപണിയിൽ നിന്നാണ്.
രാജ്യത്തെ ഐഫോണുകളുടെ വിൽപ്പനയെ ദോഷകരമായി ബാധിക്കുന്ന ചൈനയുടെ ഏതൊരു തുടർ നടപടിയും ആപ്പിളിന്റെ മൊത്തത്തിലുള്ള ടാർഗറ്റിനെ തന്നെ ബാധിച്ചേക്കാം. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ ഉൾപ്പെടുന്ന പുതിയ ഫോണുകൾ ആപ്പിൾ സെപ്റ്റംബർ 12 ന് ലോഞ്ച് ചെയ്യും.
രാജ്യത്ത് ചൈനീസ് ബ്രാൻഡുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചൈനയുടെ മാർഗമായും ഈ നീക്കത്തെ കണക്കാക്കാം. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഹ്വാവേ അതിനൂതനമായ 7 നാനോമീറ്റർ ചിപ്‌സെറ്റ് വികസിപ്പിച്ചതായുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് ചൈനീസ് സർക്കാർ ആപ്പിളിനെതിരെ നടപടിയുമായി എത്തിയതെന്നതും ശ്രദ്ധേയമാണ്.