ഡിസ്നി+ ഹോട്ട്സ്റ്റാർ (disney hotstar) അതിന്റെ പ്രീമിയം ഉപയോക്താക്കൾക്കിടയിൽ പാസ്വേഡ് പങ്കിടൽ പരിമിതപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുന്നു. പ്രീമിയം ഉപയോക്താക്കളെ നാല് ഉപകരണങ്ങളിൽ നിന്ന് മാത്രം ലോഗിൻ ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ നയം നടപ്പിലാക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. പാസ്വേഡ് പങ്കിടൽ (password sharing) പ്രശ്നം പരിഹരിക്കുന്നതിനുള്ള ആദ്യ പടിയായാണ് ഈ നീക്കം.
റോയിറ്റേഴ്സ് പറയുന്നതനുസരിച്ച്, ഡിസ്നിയും നെറ്റ്ഫ്ലിക്സിന്റെ പാത പിന്തുടരുകയാണ്. മെയ് മാസത്തിൽ, ഡിസ്നിയുടെ സ്ട്രീമിംഗ് എതിരാളിയായ നെറ്റ്ഫ്ലിക്സ് ഇതിനകം 100ലധികം രാജ്യങ്ങളിൽ സമാനമായ നയം നടപ്പിലാക്കിയിരുന്നു. തങ്ങളുടെ വീടിന് പുറത്തുള്ള ആളുകളുമായി സേവനം പങ്കിടുന്നതിന് അധിക പേയ്മെന്റ് ആവശ്യമാണെന്ന് കമ്പനി വരിക്കാരെ അറിയിച്ചു.
നിലവിൽ, പരമാവധി ഷെയറിംഗ് പരിധി നാല് ആണെങ്കിലും ഇന്ത്യയിൽ പ്രീമിയം ഡിസ്നി+ ഹോട്ട്സ്റ്റാർ അക്കൗണ്ട് 10 ഉപകരണങ്ങളിൽ വരെ ലോഗിൻ ചെയ്യാൻ അനുവദിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, കമ്പനി പുതിയ നയം ആന്തരികമായി പരീക്ഷിക്കുകയും ഈ വർഷാവസാനം ഇത് നടപ്പിലാക്കാനും ഉദ്ദേശിക്കുന്നു. പ്രീമിയം അക്കൗണ്ടുകൾക്കായി പരമാവധി നാല് ഉപകരണങ്ങളിലേക്ക് ലോഗിൻ പരിമിതപ്പെടുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യം.
പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നാൽ ഉപയോക്താക്കളെ സ്വന്തം നിലയ്ക്ക് സബ്സ്ക്രിപ്ഷനുകൾ വാങ്ങാൻ പ്രേരിപ്പിച്ചേക്കാമെന്നാണ് കമ്പനി കരുതുന്നത്. ഡിസ്നി, നെറ്റ്ഫ്ലിക്സ്, ആമസോൺ, ജിയോസിനിമ എന്നിവ ഇന്ത്യയിൽ വളരെയധികം പ്രശസ്തി നേടിയിട്ടുണ്ട്. മീഡിയ പാർട്ണേഴ്സ് ഏഷ്യയുടെ കണക്കനുസരിച്ച് 2027ഓടെ ഇന്ത്യയുടെ സ്ട്രീമിംഗ് വിപണി 7 ബില്യൺ ഡോളറിന്റെ വ്യവസായമായി വളരുമെന്ന് കണക്കാക്കപ്പെടുന്നു.
ഏകദേശം 50 ദശലക്ഷത്തോളം വരിക്കാരുമായി, ഉപയോക്താക്കളുടെ കാര്യത്തിൽ ഹോട്ട്സ്റ്റാർ വിപണിയിലെ മുൻനിരയിൽ തന്നെയാണെന്ന് വ്യവസായ ഡാറ്റ സൂചിപ്പിക്കുന്നു. അതേസമയംപ്രീമിയം ഉപയോക്താക്കളെ അസൗകര്യപ്പെടുത്താൻ താൽപര്യമില്ലാത്തതിനാലാണ് ഇന്ത്യയിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ മുൻപ് ഈ നയം നടപ്പാക്കാതിരുന്നതെന്നാണ് റിപ്പോർട്ട്.