ഇനി അപകടസ്ഥലത്ത് റോബോട്ടുകളുടെ രക്ഷാദൗത്യം, അപകട മേഖലകളില്‍ പ്രവര്‍ത്തിപ്പിക്കാനാകുന്ന റോബോട്ടുമായി ജെന്‍ റോബോട്ടിക്സ്

New Update
Photo

തിരുവനന്തപുരം: അപകടകരമായ സാഹചര്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള സെമി ഹ്യൂമനോയിഡ് റോബോട്ട് വികസിപ്പിച്ച് ജെന്‍ റോബോട്ടിക്സ്. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് വിപ്ലവകരമായ ബാന്‍ഡികൂട്ട് റോബോട്ട് വികസിപ്പിച്ചെടുത്ത സ്റ്റാര്‍ട്ടപ്പില്‍ നിന്നുമാണ് ഏത് ഭൂവിഭാഗങ്ങളിലും വിനിയോഗിക്കാന്‍ കഴിയുന്ന ഈ ഹൈഡ്രോളിക് റോബോട്ടിന്‍റെ പിറവി.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തില്‍ കോവളത്ത് നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ 2025 എക്സ്പോയിലാണ് ഈ റോബോട്ട് പ്രദര്‍ശിപ്പിച്ചത്. ഉപഭോക്താവിന്‍റെ ആവശ്യമനുസരിച്ച് ഖനന മേഖലകളിലും രക്ഷാദൗത്യത്തിനും അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും പുറമേ ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റുകളിലും നിര്‍മ്മാണ മേഖലയിലും മേഖലയിലും കട്ടിംഗ്, വെല്‍ഡിംഗ്, ഗ്രൈന്‍ഡിംഗ് തുടങ്ങി എംഎസ്എംഇ ആവശ്യങ്ങള്‍ക്കും ഈ റോബോട്ടിന്‍റെ സേവനം പ്രയോജനപ്പെടുത്താം.

ഫയര്‍ ആന്‍ഡ് സേഫ്റ്റി രംഗത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇത് മുതല്‍ക്കൂട്ടാണ്. മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത അപകടകരമായ സ്ഥലത്ത് ഇറങ്ങിച്ചെന്ന് സഹായഹസ്തം ഒരുക്കാന്‍ സാധിക്കുമെന്നത് മറ്റൊരു സവിശേഷതയാണ്.

വിര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ച് ഉപഭോക്ത്യ സൗഹൃദമായി നിയന്ത്രിക്കാന്‍ സാധിക്കുമെന്നതാണ ഇതിന്‍റെ മറ്റൊരു പ്രത്യേകത. പൂര്‍ണ്ണമായും ഓട്ടോണമസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും മാനുവല്‍ ആയും റിമോട്ട് ഉപയോഗിച്ചും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയും. റബ്ബര്‍ ക്രൗളിംഗ് ട്രാക്കുള്ളതിനാല്‍ തന്നെ തീര്‍ത്തും ദുര്‍ഘടമായ സാഹചര്യങ്ങളില്‍ എത്തിപ്പെടാന്‍ സാധിക്കുമെന്നുള്ള നേട്ടവുമുണ്ട്.

200 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള ഈ റോബോട്ടിന് 8 മണിക്കൂര്‍ ബാറ്ററി ബാക്കപ്പുമുണ്ട്. ഒരു വര്‍ഷത്തോളം റിസര്‍ച്ച് നടത്തിയ ശേഷമാണ് ജെന്‍ റോബോട്ടിക്സ് ഈ ഹൈഡ്രോളിക് റോബോട്ട് വികസിപ്പിച്ചത്.    
                                                                                                       

Advertisment
Advertisment