/sathyam/media/media_files/2024/12/06/hgYG1axx7Xt66jeJufYl.jpeg)
കൊച്ചി: യുപിഐയിലൂടെ സ്വര്‍ണ്ണത്തിന്മേല്‍ വായ്പകള്‍ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് ആക്സിസ് ബാങ്ക് തുടക്കമിട്ടു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും കച്ചവടക്കാര്‍ക്കും സ്വര്‍ണ ആസ്തികളുടെ മൂല്യം പ്രയോജനപ്പെടുത്താന്‍ വഴിയൊരുക്കുന്നതാണ് ഈ പദ്ധതി. ഫ്രീചാര്‍ജുമായുള്ള സഹകരണത്തിലൂടെയാണ് ഇത് നടപ്പാക്കുന്നത്.
സൗകര്യപ്രദമായി ഇടപാടുകള്‍ നടത്താന്‍ അവസരമൊരുക്കുന്ന ഓവര്‍ഡ്രാഫ്റ്റിന്‍റെ രീതിയിലാവും ഇത്. യുപിഐ വഴിയുള്ള പേയ്മെന്‍റുകള്‍ക്കായി ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രമായിരിക്കും പലിശ. ഇതില്‍ ഫ്രീചാര്‍ജ് ആപ്പ് വഴി തല്‍ക്ഷണം തിരിച്ചടവുകളും നടത്താം. ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാതെ പണ ലഭ്യത ഉറപ്പാക്കാം എന്നതാണ് മറ്റൊരു സവിശേഷത.
ഡിജിറ്റല്‍ യുഗത്തില്‍ സുരക്ഷിതമായ വായ്പകളുടെ കാര്യത്തില്‍ പുതിയൊരു രീതി കൊണ്ടു വരുന്നതാണ് സ്വര്‍ണ്ണത്തിന്മേല്‍ യുപിഐയിലൂടെ വായ്പകള്‍ ലഭ്യമാക്കുന്ന ആക്സിസ് ബാങ്കിന്‍റെ ഈ നീക്കമെന്ന് ആക്സിസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുനീഷ് ഷര്‍ദ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കാനും യുപിഐ ബന്ധിത വായ്പാ പദ്ധതികളിലെ തങ്ങളുടെ നേതൃസ്ഥാനം കൂടുതല്‍ ഉറപ്പിക്കാനും ഇതു സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സ്വര്‍ണ്ണ വായ്പകള്‍ നല്‍കുന്ന ആക്സിസ് ബാങ്കിന്‍റെ എല്ലാ ശാഖകളിലെയും ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാണ്. ഇതിന്‍റെ ഭാഗമായതിന് ശേഷം പണം ഉപയോഗിക്കുന്നതിനും തിരിച്ചടയ്ക്കുന്നതിനും പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനം ലഭ്യമാക്കുന്നതിനാല്‍ ബാങ്കില്‍ നേരിട്ട് പോകേണ്ട ആവശ്യമില്ല.
വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും വിപുലീകരിക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് യുപിഐ ക്രെഡിറ്റ് ഒരു ശക്തമായ അടിത്തറ നല്‍കുന്നു. ആക്സിസ് ബാങ്കിന്‍റെ സ്വര്‍ണ്ണം ഈടുവെച്ചുള്ള വായ്പ പരിധി ഈ സംവിധാനം വഴി എങ്ങനെയാണ് വായ്പയെടുക്കല്‍ കൂടുതല്‍ തടസ്സമില്ലാത്തതും, സുരക്ഷിതവും, ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്‍റ് ശൃംഖലയില്‍ വ്യാപകമായി ലഭ്യമാക്കാനുമാകുമെന്ന് വ്യക്തമാക്കുന്നുവെന്ന് എന്‍പിസിഐയുടെ ഗ്രോത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സോഹിനി രാജോല പറഞ്ഞു.
ഈ സഹകരണത്തിലൂടെ ലളിതവും, വിശ്വസനീയവും കൂടുതല്‍ ആളുകള്‍ക്ക് ലഭ്യമാകുന്ന സ്വര്‍ണ്ണം ഈടുവെച്ചുള്ള വായ്പ സേവനം അവതരിപ്പിച്ച് ഇന്ത്യയിലെ ഡിജിറ്റല്‍ വായ്പാ രംഗത്തെ നിലവാരം മെച്ചപ്പെടുത്തുകയാണ്.