/sathyam/media/media_files/QcsH7bQ05QuFvbmcMiYX.jpg)
നിരവധിയായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഗൂഗിളിന്റെ എക്കോസിസ്റ്റമെന്ന് ജിമെയിലിനെ വിശേഷിപ്പിക്കാം. ജിമെയിൽ അക്കൗണ്ട് വഴി സുരക്ഷിതമായ ഇമെയിൽ സേവനങ്ങൾ കൂടാതെ ഗൂഗിൾ ഡ്രൈവ്, മീറ്റ്, ഫോട്ടോസ്, ഡോക്സ് തുടങ്ങിയ നിരവധിയായ അനുബന്ധ സേവനങ്ങളും ഉപയോഗിക്കാനാകും. അതിനാൽ തന്നെ ജിമെയിൽ അക്കൗണ്ട് പ്രവർത്തനരഹിതമായാൽ മേൽപ്പറഞ്ഞ സേവനങ്ങളും തടസപ്പെടുന്നതായിരിക്കും.
ഇത്തരത്തിലുള്ള സാഹചര്യമുണ്ടാകാതിരിക്കാനായി തങ്ങളുടെ യൂസേഴ്സിനായി ഗൂഗിൾ അടുത്തിടെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. രണ്ട് വർഷമായി ലോഗിൻ ചെയ്യപ്പെടാത്ത ജിമെയിൽ അക്കൗണ്ടുകൾ ഉടനെ തന്നെ ഡിലീറ്റ് ചെയ്യപ്പെടുമെന്നായിരുന്നു ഗൂഗിൾ അറിയിച്ചത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ഡിസംബർ ഒന്നാം തീയതി മുതൽ ഗൂഗിൾ ഇത്തരത്തിലുള്ള ജിമെയിൽ അക്കൗണ്ടുകൾ പിൻവലിക്കുക.
ദീർഘകാലമായി ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ജിമെയിൽ അക്കൗണ്ടുകൾ സൈബർ കുറ്റകൃത്യങ്ങൾക്കടക്കം വിനിയോഗിക്കപ്പെടാനുള്ള സാദ്ധ്യതയുള്ളതിനാലാണ് ഗൂഗിൾ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. രണ്ട് വർഷമായി ലോഗിൻ ചെയ്തിട്ടില്ലാത്ത അക്കൗണ്ടുകളുടെ റിക്കവറി മെയിലിലേയ്ക്ക് ഇത് സംബന്ധിച്ച് സന്ദേശം അയച്ചിട്ടുള്ളതായാണ് ഗൂഗിൾ അറിയിക്കുന്നത്. ചെറിയ ഇടവേളയിലാണെങ്കിൽ പോലും രണ്ട് വർഷത്തിനിടയിൽ എപ്പോഴെങ്കിലും ലോഗിൻ ചെയ്താൽ ഈ നടപടി ഒഴിവാക്കാം. കൂടാതെ ജിമെയിൽ സേവനങ്ങൾക്ക് മാത്രമല്ലാതെ യുട്യൂബ്, പ്ളേസ്റ്റോർ, ഗൂഗിൾ സെർച്ച് എൻജിൻ എന്നിവ ഉപയോഗിച്ചാലും നടപടി ഒഴിവാക്കാവുന്നതാണ്.