ഇന്ത്യൻ മാട്രിമോണി ആപ്പുകൾ ഉൾപ്പെടെ 10 കമ്പനികളുടെ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. സർവീസ് ഫീസ് സംബന്ധിച്ച തർക്കത്തെത്തുടർന്നാണ് ഇഎ നടപടി. നീക്കം ചെയ്ത ആപ്പുകളിൽ ഭാരത് മാട്രിമോണി അടക്കമുള്ള ആപ്പുകളും ഉണ്ട്.
ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്ലിം മാട്രിമോണി, ജോഡി തുടങ്ങിയ മാട്രിമോണി ഡോട്കോമിന്റെ ആപ്പുകളാണ് വെള്ളിയാഴ്ച നീക്കം ചെയ്തത്. കമ്പനിയുടെ സ്ഥാപകനായ മുരുകവേൽ ജാനകിരാമൻ ആണ് വിവരം അറിയിച്ചത്. ഇന്റർനെറ്റിന്റെ കറുത്ത ദിനമെന്നാണ് ജാനകിരാമൻ വിശേഷിപ്പിച്ചത്.
11 ശതമാനം മുതൽ 26 ശതമാനം വരെയാണ് ഇൻ-ആപ്പ് ട്രാൻസാക്ഷനുകളിൽ ഗൂഗിൾ ഫീസ് ചുമത്തിയിരുന്നത്. തർക്കത്തിന് കാരണമായത് ഈ വിലവർദ്ധനവിനെതിരെയുള്ള സ്റ്റാർട്ടപ്പുകളുടെ നീക്കമാണ്. ഫീസ് ഊടാക്കാനോ ആപ്പ് നീക്കം ചെയ്യാനോ ഉള്ള അനുമതി കോടതിയിൽ നിന്ന് ലഭിച്ചതോടെയാണ് പ്ലേസ്റ്റോറിൽ നിന്ന് ആപ്പുകൾ നീക്കം ചെയ്തത്.
പ്ലേ സ്റ്റോർ നിയമങ്ങൾ ലംഘിച്ചതിന് മാട്രിമോണി. കോം, ഇൻഫോ എഡ്ജ് എന്നിവയ്ക്ക് നോട്ടീസും അയച്ചിട്ടുണ്ട്. ഇതോടെ മാട്രിമോണി. കോമിന്റെ ഓഹരികളിൽ 2.7 ശതമാനവും ഇൻഫോ എഡ്ജിന്റെ ഓഹരികളിൽ 1.5 ശതമാനവും ഇടിവ് ആണ് രേഖപ്പെടുത്തിയത്.