/sathyam/media/media_files/2025/10/07/gff-npci-chairman-2025-10-07-20-36-02.jpg)
കൊച്ചി: പരിമിതമായ മേഖലകളില്‍ ഒതുങ്ങി നിന്നിരുന്ന നിര്‍മിത ബുദ്ധി വിപുലമായ തലങ്ങളിലേക്ക് നീങ്ങിയതിനെ തുടര്‍ന്നുണ്ടാകുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് നാഷണല്‍ പെയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും ഇന്‍ഡിപ്പന്‍ഡന്റ് ഡയറക്ടറുമായ അജയ് കുമാര്‍ ചൗധരി പറഞ്ഞു. മുംബൈയില്‍ നടന്ന ആറാമത് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ പ്രത്യേക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുന്‍പൊന്നുമില്ലാതിരുന്ന സാധ്യതകള്‍ തുറന്നു തരുന്നതിനൊപ്പം സങ്കീര്‍ണമായ വെല്ലുവിളികളും നിര്‍മിത ബുദ്ധിയോടൊപ്പം എത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഓഹരി വിപണി, പെയ്മെന്റ്സ് സംവിധാനം തുടങ്ങിയവയില്‍ 2027ഓടെ 100 ബില്യണ്‍ ഡോളറിനടുത്ത് നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
നിര്‍മിത ബുദ്ധിയുടെ പ്രസക്തിയെക്കുറിച്ചല്ല മറിച്ച് അത് എത്ര വേഗത്തില്‍ നടപ്പാക്കാമെന്നാണ് വ്യവസായ മേഖല ഇന്നു ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപിഐ വഴി നിലവില്‍ പ്രതിമാസം 20 ബില്ല്യണിലധികം ഇടപാടുകളാണ് നടക്കുന്നതെന്നും ഇത് നവീകരണത്തോടുള്ള രാജ്യത്തിന്റെ നേതൃ നിരയുടെ വീക്ഷണം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.