/sathyam/media/media_files/kHda5jNt7tlwzTVlQzzx.jpg)
ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ഏറെ ജാഗ്രത പുലർത്തണം. അപകടകരമായ കുറെയേറെ തകരാറുകളും പഴുതുകളും ഗൂഗിൾ ക്രോമിൽ കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി ഇപ്പോൾ ഹൈ റിസ്ക് വാണിങ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹാക്കർമാർക്ക് കടന്നുകയറാൻ കഴിയുന്ന തരത്തിലുള്ള ചില പിഴവുകൾ ആണ് ക്രോമിൽ കണ്ടെത്തിയിരിക്കുന്നത്.
ക്രോമിലെ ഈ പിഴവുകൾ മുതലെടുത്ത് ഉപയോക്താക്കളുടെ സിസ്റ്റത്തിലേക്ക് കടന്നുകയറാനും തന്ത്രപ്രധാന വിവരങ്ങൾ കൈക്കലാക്കാനും പ്രവർത്തനങ്ങൾ തടസപ്പെടുത്താനും ഹാക്കർമാർക്ക് സാധിക്കും എന്നാണ് കേന്ദ്ര ഏജൻസി മുന്നറിയിപ്പ് നൽകുന്നത്. എല്ലാ ബ്രൗസറുകളിലും ഇത്തരത്തിൽ ഇടയ്ക്കിടെ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അപ്ഡേഷനുകളിലൂടെ അവ പരിഹരിക്കുകയാണ് ചെയ്തുവരുന്നത്.
ഏതൊരു സങ്കീർണ്ണ സോഫ്‌റ്റ്‌വെയറിനെയും പോലെ, അതിന്റെ കോഡിലും തകരാറുകളും ബലഹീനതയും ഉണ്ടാകും. ഇത്തരം ബലഹീനതകൾ ഹാക്കർമാർ അവസരമായെടുത്ത് ചൂഷണം നടത്തുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വ്യത്യസ്‌ത കാരണങ്ങൾ കൊണ്ടാണ് ഇത്തരം പിഴവുകൾ ഉണ്ടാകുന്നത്. പ്രത്യേകമായി തയ്യാറാക്കിയ റിക്വസ്റ്റുകൾ അയച്ച് ക്രോമിന്റെ കോഡിലെ ബലഹീനതകൾ ചൂഷണം ചെയ്യാൻ ഹാക്കറെ സഹായിക്കാൻ ഇപ്പോഴത്തെ പിഴവുകൾക്ക് സാധിക്കും.
നിലവിൽ കണ്ടെത്തിയ പിഴവുകൾ പരിഹരിക്കുന്നതിനായുള്ള അപ്ഡേറ്റുകൾ ഗൂഗിൾ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. അതിനാൽ ഉപയോക്താക്കൾ തങ്ങളുടെ ബ്രൗസറിന് ഏറ്റവും പുതിയ അപ്ഡേഷൻ നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. മാക്, ലിനക്സ് എന്നിവയ്‌ക്കായി 116.0.5845.110 ആയും വിൻഡോസിനായി 116.0.5845.110/.111 ആയും അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുന്നു. വരും ദിവസങ്ങളിൽ ഈ അപ്ഡേറ്റ് എല്ലാവർക്കും ലഭ്യമാകും.