ഫോണിൽ വെള്ളം വീണാൽ അരിയിൽ വച്ചാൽ ഉണങ്ങുമോ? മാർഗനിർദ്ദേശങ്ങൾ നൽകി ആപ്പിൾ

author-image
ടെക് ഡസ്ക്
New Update
RICE PHONE1.jpg

ഫോണിൽ വെള്ളം വീണാൽ അരിയിൽ വെച്ച് ഉണ്ടാകാമെന്ന് കേട്ടിട്ടുള്ളവരാണ് നമ്മൾ. ചിലരെങ്കിലും അത് പരീക്ഷിച്ചിട്ടുമുണ്ടാകും. എന്നാൽ ഈ രീതി ഉപയോഗിക്കരുതെന്ന ഉപദേശവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഇത് ഫോണിന് കൂടുതൽ തകരാറുണ്ടാക്കാൻ ഇടയാക്കുമെന്നാണ് ആപ്പിൾ നൽകുന്ന മുന്നറിയിപ്പ്. ല്വിക്വിഡ് ഡിറ്റക്ഷന്‍ അലര്‍ട്ട് ഐഫോണിൽ ലഭിക്കുമ്പോൾ എന്തുചെയ്യണമെന്ന് വിശദീകരിച്ച് ആപ്പിള്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി.

Advertisment

‘ഐഫോണ്‍ അരി ബാഗില്‍ വെച്ചാൽ അരിയുടെ ചെറിയ കണികകള്‍ ഐഫോണിന് കൂടുതല്‍ കേടുപാടുകള്‍ വരുത്തുന്നതിന് കാരണമാകും’ എന്നാണ് ആപ്പിളിന്റെ മുന്നറിയിപ്പ്. ഫോൺ ഉണങ്ങാൻ ഹെയര്‍ ഡ്രയറുകളോ കംപ്രസ്ഡ് എയറോ ഉപയോഗിക്കരുത്. കൂടാതെ, ചാര്‍ജിംഗ് പോര്‍ട്ടുകളില്‍ കോട്ടണ്‍ ബഡ്‌സോ പേപ്പര്‍ ടവലുകളോ തിരുകരുതെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. നല്ല വായു സഞ്ചാരമുള്ളിടത്ത് ഉണങ്ങാൻ വെച്ച് ഫോണിലെ വെള്ളം നീക്കം ചെയ്യാനാണ് ആപ്പിളിന്റെ നിർദ്ദേശം.

ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് 30 മിനിറ്റ് കാത്തിരിക്കണം. ഫോൺ ഉണങ്ങാൻ 24 മണിക്കൂര്‍ വരെ എടുത്തേക്കും. ആ സമയപരിധി വരെ ഉപയോക്താക്കള്‍ക്ക് ലിക്വിഡ് ഡിറ്റക്ഷന്‍ അലര്‍ട്ട് കാണാനാകുമെന്നും കമ്പനി അറിയിച്ചു. ഐഫോണ്‍ നനഞ്ഞിരിക്കുമ്പോള്‍ അത് ചാര്‍ജ് ചെയ്യാന്‍ പാടില്ല. എന്നാല്‍ അടിയന്തിര ഘട്ടത്തില്‍ ലിക്വിഡ് ഡിറ്റക്ഷന്‍ അസാധുവാക്കാനും ഐഫോണ്‍ ചാര്‍ജ് ചെയ്യാനും ഫോണില്‍ ഓപ്ഷന്‍ ഉണ്ട്. വയര്‍ലെസ് ചാര്‍ജര്‍ ഉണ്ടെങ്കില്‍ ഐഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതാണ്. ചാർജർ കുത്തുന്നതിന് മുമ്പ് ഫോണിന്റെ പിന്‍ഭാഗം ഉണങ്ങിയതാണെന്ന് ഉറപ്പാക്കണമെന്നും ഐഫോൺ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

Advertisment