/sathyam/media/media_files/2025/10/20/info-park-phras-2025-10-20-16-04-14.jpg)
കൊച്ചി: ഇൻഫോപാർക്ക് നാലാംഘട്ട വികസനം വിഭാവനം ചെയ്തിരിക്കുന്നത് മിശ്രിത ടൗൺഷിപ്പ് മാതൃകയിൽ. അത്യാധുനിക ഐടി സമുച്ചയങ്ങൾ, ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുന്ന മാതൃകയുടെ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു.
ലോകോത്തര നിലവാരത്തിലുള്ള ഈ ഐടി ടൗൺഷിപ്പ് കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമെന്ന നിലയിൽ കൊച്ചിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുമെന്നും മുഖ്യമന്ത്രി കുറിച്ചു.
50,000 നേരിട്ടുള്ള ഐടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, അതോടൊപ്പം 3000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപം ആകർഷിക്കാനും ഇതുവഴി സാധിക്കുമെന്നാണ് കണക്കാക്കുന്നത്. നവീകരണം, സാങ്കേതികവിദ്യ, ഡിജിറ്റൽ സംരംഭകത്വം എന്നിവയുടെ മുൻനിര കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് എൽഡിഎഫ് സർക്കാറെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.