യുണിഫൈഡ് പെയ്മെന്റ് ഇന്റർഫേയ്സ് സംവിധാനത്തിൽ പുതിയ മാറ്റം. ഇനിമുതൽ വ്യക്തികൾക്ക് ഓൺലൈൻ വ്യാപാരികളുമായി യു പി ഐ ഇടപാടുകൾ നടത്താൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷന്റെ ആവശ്യമുണ്ടാവില്ല. യു പി ഐ പ്ലഗ് ഇൻ അഥവാ മർച്ചന്റ് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കിറ്റ് (എസ്.ഡി.കെ.) എന്നറിയപ്പെടുന്ന സംവിധാനത്തിലൂടെ പെയ്മെന്റ് ആപ്പ് ഇല്ലാതെ വ്യാപാരികൾക്ക് പണം ശേഖരിക്കാം. ഇതിന് പെയ്മെന്റ് ഒപ്ഷനിൽ ഒരു വെർച്വൽ പേയ്‌മെന്റ് വിലാസം ചേർക്കാൻ ഓൺലൈൻ വ്യാപാരികൾക്ക് സാധിക്കും.
ഈ അഡ്രസിലൂടെ തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ വ്യാപാരികൾക്ക് ഉപയോക്താക്കളുമായി നേരിട്ട് ഇടപാട് നടത്താം. കൂടാതെ പേയ്‌മെന്റ് ആപ്പുകൾ സർവീസ് ചാർജ് ഈടാക്കുമോയെന്നും ഇനി ടെൻഷനടിക്കേണ്ട. നിലവിലുള്ളതിനേക്കാൾ ഇടപാടുകൾ വേഗത്തിലും, പെയ്മെന്റ് സമയത്ത് ഉണ്ടാകുന്ന തടസങ്ങൾ കുറയ്ക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ നേട്ടം. ഇത് പ്രാബല്യത്തിൽ വരുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, അടക്കമുള്ള യു പി ഐ ട്രാൻസാക്ഷൻ ആപ്ലിക്കേഷനുകൾക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
പണം നൽകാനായി യു പി ഐ തെരഞ്ഞെടുക്കുമ്പോൾ തന്നെ മറ്റ് ആപ്ലിക്കേഷനുകൾ തുറക്കാതെ ഇടപാടും നടത്തുന്നതിലൂടെ ഇടപാടുകളുടെ വിജയ സാദ്ധ്യത 15 ശതമാനത്തിലധികം വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ. പുതിയ സംവിധാനം വെല്ലുവിളിയാകുമെന്ന സൂചനയാണ് ഫോൺപേ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ രാഹുൽ ഛാരി നൽകിയത്. ഇടപാടുകൾ വേഗത്തിലാക്കാനും ഫെയിലിയർ കുറയ്ക്കാനും പ്രത്യേകിച്ച് സാങ്കേതികമായി ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇടപാടുകളുടെ ഉത്തരവാദിത്തം നിലവിലെ രീതിയിൽ നിന്ന് ബാങ്കുകളും മർച്ചന്റ്സ് ആപ്പുകളും തമ്മിൽ നേരിട്ടായി മാറുന്നു. ഇത് കൂടുതൽ സങ്കീർണത ഉണ്ടാക്കുകയും വ്യാപാരികൾ അവരുടെ പ്രധാന ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം പെയ്മെന്റ് കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ട സ്ഥിതി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ യു പി ഐ പെയ്മന്റുകളിൽ ഫോൺപേ 47 ശതമാനവും ഗൂഗിൾ പേ 33 ശതമാനവും വിപണി വിഹിതം പങ്കിടുന്നുണ്ട്. പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ തേർഡ് പാർട്ടി ആപ്പുകൾക്ക് വൻ തിരിച്ചടി നേരിടേണ്ടിവരും.