/sathyam/media/media_files/UjfMAHbUcQJUGri3MRZy.jpg)
ബഹുരാഷ്ട്ര കമ്പനിയിൽ ജോലിചെയ്യുന്ന പ്രൊഫഷണലുകളെ കേന്ദ്രീകരിച്ച് തട്ടിപ്പുകാർ വിലസുന്നു. ജോലി ചെയ്യുന്ന കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ എന്ന വ്യാജേന അന്താരാഷ്ട്ര നമ്പറിൽ നിന്ന് വാട്‌സ്‌ആപ്പ് കോൾ ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ പുതിയ രീതി. പലപ്പോഴും കമ്പനിയുടമ എന്ന വ്യാജേനയോ ഉന്നത ഉദ്യോഗസ്ഥർ എന്ന വ്യാജേനയോ ആകും കോളുകൾ വരിക. ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകരുടെ പേരിലും കോളുകൾ വരുന്നതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ മെയ് മാസത്തിലും സമാന സംഭവങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് അന്ന് വ്യാജ കോളുകൾ വന്നിരുന്നത്. ഇത്തരത്തിലുള്ള സ്‌പാം കോളുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് വാട്‌സ്‌ആപ്പ് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിരുന്നു.
സ്‌പാം കോളുകളിലൂടെയുള്ള തട്ടിപ്പുകൾ അധികമായി റിപ്പോർട്ട് ചെയ്യുന്നത് കണക്കിലെടുത്ത് അടുത്തിടെ സൈലൻസ് അൺനോൺ കോളേഴ്‌സ് എന്ന സംവിധാനം വാട്‌സ്‌ആപ്പ് ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. അറിയാത്ത നമ്പരുകളിൽ നിന്നുള്ള കോൾ വരുമ്പോൾ തന്നെ അതിനെ നിയന്ത്രിക്കാനുള്ള സംവിധാനമാണിത്. സ്‌പാം കോളുകളും തട്ടിപ്പ് നടത്തുന്നവരുടെ കോളുകളും ഈ ഫീച്ചർ സ്വയം തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കും.
ആധാർ നമ്പർ ആവശ്യപ്പെട്ട് ലഭിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളെപ്പറ്റി കേന്ദ്രസർക്കാരും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇത്തരം മെസേജുകൾക്കും കോളുകൾക്കും മറുപടി നൽകരുതെന്നും കേന്ദ്രം നിർദേശിച്ചു. വ്യക്തി വിവരങ്ങൾ ഓൺലൈനായി പങ്കുവയ്‌ക്കാൻ യുഐഡിഎഐ ആവശ്യപ്പെടില്ലെന്നും അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും കേന്ദ്രം അറിയിച്ചു.