/sathyam/media/media_files/lmwDBwJu1Zjr2QMLBSTV.jpg)
ഹ്രസ്വ വിഡിയോകൾക്ക് ഇന്ത്യയിൽ ഏറെ ആരാധകരെ സൃഷ്ടിച്ചതും ടിക് ടോക് ആയിരുന്നു. ആളുകൾ വിഡിയോകൾ കാണാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ആപ്പാണ് യൂട്യൂബ്, ഒരു ഘട്ടത്തിൽ യൂട്യൂബിന് വരെ ടിക് ടോക് വെല്ലുവിളിയായി മാറുകയുണ്ടായി. ഇന്ത്യയിൽ അവർ പ്രവർത്തനം നിർത്തിയതോടെ ഇൻസ്റ്റഗ്രാമിന്റെയും യൂട്യൂബിന്റെയും ഹ്രസ്വ വിഡിയോ പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകൾ കൂട്ടമായി ചേക്കേറി.
ടിക് ടോകിനുള്ള എതിരാളിയായി യൂട്യൂബ് അവതരിപ്പിച്ച ‘ഷോർട്സ്’ യൂട്യൂബിനെ തന്നെ അമ്പരപ്പിക്കുന്ന വളർച്ചയാണ് സ്വന്തമാക്കിയിരിക്കുന്നത്. ‘ഷോർട്സി’ന് ഇപ്പോൾ ലഭിക്കുന്ന വലിയ ജനപ്രീതി യൂട്യൂബ് അധികൃതർക്കിടയിൽ തന്നെ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആളുകൾ കൂടുതലായി ഹ്രസ്വ വിഡിയോകളിൽ മുഴുകുന്നത് തങ്ങളുടെ പരസ്യ വരുമാനത്തെ ബാധിക്കുമോ എന്നാണ് അവരുടെ ആശങ്ക. ഷോർട്സിനൊപ്പം പരസ്യങ്ങൾ നൽകുന്നതിന് പരിമിതിയുണ്ട്. യൂട്യൂബ് ഷോർട്സിന്റെ ജനപ്രീതി ദൈർഘ്യമേറിയ വിഡിയോകളോടുള്ള ആളുകളുടെ താൽപര്യം കുറക്കുമെന്നാണ് യൂട്യൂബ് ഭയപ്പെടുന്നത്.
ഷോർട്സ് പങ്കുവെക്കുന്ന യൂട്യൂബർമാർക്ക് നിലവിൽ വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ, ദൈർഘ്യമേറിയ വിഡിയോകളിൽ നിന്നുള്ള പരസ്യ വരുമാനത്തേക്കാൾ കുറവാണ് ഷോർട്സിലൂടെ യൂട്യൂബിന് ലഭിക്കുന്നത്. കൂടാതെ, കഴിഞ്ഞ വർഷം പരസ്യവരുമാനത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, ഷോർട്സിലൂടെ വരുമാനം നേടാനുള്ള വഴികൾ ആലോചിക്കുകയാണ് യൂട്യൂബിപ്പോൾ.