New Update
/sathyam/media/media_files/CZbD6Ay0eO0HriIao3sE.jpg)
ന്യൂയോർക്ക്: ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പെയ്ഡ് പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങി മെറ്റ. പരസ്യം ഒഴിവാക്കുന്നതിനായാണ് യൂറോപ്യൻ യൂണിയനിലെ ഉപഭോക്താക്കൾക്കായി പെയ്ഡ് വെർഷൻ അവതരിപ്പിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി പണമടയ്ക്കുന്നവർ ആപ്പുകളിൽ പരസ്യങ്ങൾ കാണില്ല. മെറ്റ ഔദ്യോഗികമായി ഈ പദ്ധതി പ്രഖ്യാപിച്ചിട്ടില്ല.
സാമൂഹികമാധ്യമങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കാനൊരുങ്ങുന്ന യൂറോപ്യൻ യൂണിയന്റെ നടപടികളെ നേരിടാനാണ് പെയ്ഡ് പതിപ്പുകളിലേക്ക് മെറ്റ കടക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. പെയ്ഡ് പതിപ്പുകൾ പുറത്തിറക്കിയാലും നിലവിലുള്ള സൗജന്യ പതിപ്പുകളും തുടരുമെന്നാണ് വിവരം. എത്ര പണമാണ് പെയ്ഡ് പതിപ്പുകൾക്ക് നൽകേണ്ടതെന്നോ എപ്പോഴാണ് തുടങ്ങുകയെന്നോ വ്യക്തമാക്കിയിട്ടില്ല.
ഉപഭോക്താക്കളുടെ വിവരശേഖരത്തിനും അത് പരസ്യവിതരണത്തിന് ഉപയോഗിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങളാണ് യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നടപ്പിലാക്കാനൊരുങ്ങുന്നത്. യൂറോപ്പിലെ ജിഡിപിആർ നിയമം ഉപഭോക്താക്കളുടെ സ്വകാര്യതക്ക് സംരക്ഷണം നൽകുന്നു. സൗജന്യ സേവനമാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇതുവരെ നൽകി വന്നത്. ഉപഭോക്താക്കൾ കാണുന്ന പരസ്യങ്ങളും ലഭിക്കുന്ന വിവരങ്ങളുമായിരുന്നു കമ്പനിയുടെ വരുമാനം. എന്നാൽ ഇത് നിർത്തലാക്കുന്നതോടെ വരുന്ന നഷ്ടം നികത്താനാണ് പണമടച്ചുള്ള പതിപ്പുകളെക്കുറിച്ച് മെറ്റ ആലോചിച്ചു തുടങ്ങിയത്.