ഡല്‍ഹി: വിമാനക്കൂലിയില്‍ പണം ലാഭിക്കാന്‍ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ ഫ്‌ലൈറ്റ്‌സ്. പുതിയ സംവിധാനം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി ഏറ്റവും കുറഞ്ഞ നിരക്കുള്ള സമയങ്ങളെക്കുറിച്ചടക്കം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ ബ്ലോഗിലൂടെയാണ് പുത്തന്‍ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിച്ചത്.
വിമാടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്ക് ഏത് സമയത്താണ് ലഭിക്കുക എന്ന നിര്‍ദേശം ഗൂഗിള്‍ ഫ്ലൈറ്റ്സ് വഴി ലഭിക്കും. അത് ബുക്ക് ചെയ്യാനുദ്ദേശിക്കുന്നതിന്റെ രണ്ട് മാസം മുമ്പോ, അല്ലെങ്കില്‍ ടേക്ക്ഓഫിന് മുമ്പ് നിരക്ക് കുറയുന്ന മറ്റേതെങ്കിലും സാഹചര്യത്തിലോ ആകാം.
ടിക്കറ്റ് എടുക്കുന്നതിന് മുമ്പായി ആവശ്യമായ സ്ഥിതിവിവരക്കണക്കുകള്‍ ഗൂഗിള്‍ ഫ്ലൈറ്റ്സ് ഉപയോക്താവിന് മുന്നില്‍ വയ്ക്കുന്നു. ഇതുവരെയുള്ള ബുക്കിങ,് നിരക്ക് വിവരങ്ങള്‍ പരിശോധിച്ചാണ് ഇത്തരം വിലയിരുത്തല്‍ സാധ്യമാകുക.
ഇത്തരത്തില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന് മറ്റൊരു ആനുകൂല്യവും ലഭ്യമാകും. ഇതിലും കുറഞ്ഞ നിരക്കില്‍ ഇനി ടിക്കറ്റ് ലഭിക്കില്ല എന്ന സത്യവും ഗൂഗിള്‍ ഉപഭോക്താക്കളെ ഓര്‍മ്മപ്പെടുത്തും. അതനുസരിച്ച് ടിക്കറ്റ് എടുത്ത് കഴിഞ്ഞാല്‍ പിന്നീടങ്ങോട്ട് ടേക്ക്ഓഫിന് മുമ്പ് വരെയുള്ള ദിവസങ്ങളിലെ നിരക്ക് ഗൂഗിള്‍ നിരീക്ഷിക്കും. നേരത്ത പറഞ്ഞതിലും വില കുറയുന്ന സാഹചര്യമുണ്ടായാല്‍ ഉപയോക്താവിനുണ്ടാകുന്ന നഷ്ടം കമ്പനി ഗൂഗിള്‍ പേ വഴി തിരികെ നല്‍കും.പദ്ധതി പരീക്ഷണ അടിസ്ഥാനത്തില്‍ യുഎസില്‍ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഗൂഗിള്‍ പറയുന്നതനുസരിച്ച്, ഡിസംബര്‍ പകുതിയോടെ ആരംഭിക്കുന്ന യാത്രകള്‍ക്ക് ഒക്ടോബര്‍ ആദ്യം ബുക്ക് ചെയ്യണമെന്നാണ് ഗൂഗിളിന്റെ കണ്ടെത്തല്‍. പുറപ്പെടുന്നതിന് 71 ദിവസം മുമ്പ് ശരാശരി വിലകള്‍ ഏറ്റവും കുറവായിരിക്കും. 2022-ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം പുറപ്പെടുന്നതിന് 22 ദിവസം മുമ്പ് ശരാശരി വിലകള്‍ ഏറ്റവും താഴ്ന്നതാണെന്ന് കണ്ടെത്തി. ടേക്ക് ഓഫിന് 54-78 ദിവസം മുമ്പാണ് സാധാരണ കുറഞ്ഞ വില.