/sathyam/media/media_files/xIIGIkGznwIDl4mTbp9d.jpg)
ഹൈദരാബാദ്: വിശാഖപട്ടണത്ത് വമ്പൻ പദ്ധതിയുമായി ഗൂഗിൾ. 10 ബില്യൺ ഡോളർ (ഏകദേശം 8,730 കോടി രൂപ) നിക്ഷേപം വരുന്ന ഡാറ്റാ സെന്റർ സ്ഥാപിക്കാൻ ഗൂഗിളിന് ആന്ധ്രാപ്രദേശ് സർക്കാർ ബുധനാഴ്ച അംഗീകാരം നൽകി.
രാജ്യത്തെ തന്നെ ഏറ്റവും വലിയ സാങ്കേതിക അടിസ്ഥാന സൗകര്യ പദ്ധതിക്കാണ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന നിക്ഷേപ പ്രമോഷൻ ബോർഡ് അംഗീകാരം നൽകിയത്.
ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക നിക്ഷേപങ്ങളിലൊന്നിന് ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ നയശക്തി, ഭരണം, ജനങ്ങളുടെ കഴിവ് എന്നിവയുടെ തെളിവാണ്. വിശാഖപട്ടണത്തെ എഐ, ഡാറ്റ അനലിറ്റിക്സ് എന്നിവയുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി പദ്ധതി മാറുമെന്ന് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ഡാറ്റാ സെന്റർ നേരിട്ടോ അല്ലാതെയോ 1.88 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും 10,518 കോടി രൂപയുടെ വാർഷിക ജിഎസ്‌ഡിപി വർദ്ധനവ് ഉണ്ടാകുമെന്നുമാണ് വിലയിരുത്തൽ.
വൈദ്യുതി, ഫൈബർ ഒപ്റ്റിക്സ്, റിയൽ എസ്റ്റേറ്റ്, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ അനുബന്ധ മേഖലകളിലേക്ക് ഡാറ്റാ സെന്റർ വഴി പ്രവേശനം ലഭിക്കും.
റോഡ്, വൈദ്യുതി മേഖലകളിൽ നവീകരണം നടത്താനും എസ്‌ജിഎസ്‌ടി, വൈദ്യുതി തീരുവ, പ്രോപ്പർട്ടി ടാക്സ് എന്നിവയിലൂടെ സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.