കണ്‍വെർജന്‍സ് ഇന്ത്യ എക്സ്പോയില്‍ കേരള ഐടി പങ്കെടുക്കും

New Update
dfghjkljhgfdfghjk

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെക്-ഇന്‍ഫ്രാ എക്സ്പോ ആയ കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയില്‍ കേരളത്തിലെ ഐടി മേഖലയില്‍ നിന്നുള്ള ഇരുപതോളം ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് 19 ന് ന്യൂഡല്‍ഹി പ്രഗതി മൈതാന്‍ ഭാരത് മണ്ഡപത്തില്‍ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ എക്സ്പോ 21 ന് അവസാനിക്കും. എക്സ്പോയുടെ 32-ാമത് പതിപ്പാണിത്.

Advertisment

കേരള സര്‍ക്കാരിന്‍റെ ഐടി ഉപദേശക പാനലായ സ്റ്റേറ്റ് ഹൈ പവര്‍ ഐടി കമ്മിറ്റിയിലെ ലീഡ് ഐടി സ്ട്രാറ്റജിസ്റ്റുകള്‍ ഇത്തവണ ആദ്യമായി കേരള ഐടി പ്രതിനിധി സംഘത്തെ നയിക്കുമെന്ന പ്രത്യേകതയുമുണ്ട്. എക്സിബിഷന്‍സ് ഇന്ത്യ ഗ്രൂപ്പ് (ഇഐജി), ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ (ഐടിപിഒ) എന്നിവ സംയുക്തമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.


കേരളത്തിന്‍റെ കരുത്തുറ്റ ഐടി ആവാസവ്യവസ്ഥ പ്രദര്‍ശിപ്പിക്കുന്നതിനു പുറമേ സംസ്ഥാനത്തെ ഐടി സ്ഥാപനങ്ങളുടെ നെറ്റ് വര്‍ക്കിംഗിനും ബിസിനസ് വികസിപ്പിക്കുന്നതിനുമുള്ള അവസരങ്ങള്‍ കണ്ടെത്തുന്നതിനും എക്സ്പോ വേദിയാകും. ഭാരത് മണ്ഡപത്തിലെ ഹാള്‍ നമ്പര്‍ 3 (ബൂത്ത് നമ്പര്‍ സി35) ല്‍ 56 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പവലിയനാണ് കേരള ഐടിയ്ക്കായി ഒരുക്കുന്നത്.

ടെക്നോളജി അവാര്‍ഡ് പ്രോഗ്രാമുകള്‍, കോണ്‍ക്ലേവുകള്‍, പാനല്‍ ചര്‍ച്ചകള്‍, നെറ്റ് വര്‍ക്കിംഗ് പരിപാടികള്‍ എന്നിവ എക്സ്പോയുടെ ഭാഗമാണ്. കേരളമാണ് എക്സ്പോയുടെ ഔദ്യോഗിക സംസ്ഥാന പങ്കാളിയെന്നതും ശ്രദ്ധേയം.


വ്യവസായ പ്രമുഖരെയും നവീന ആശയക്കാരെയും നിക്ഷേപകരെയും ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ കൊണ്ടുവരുന്ന അഭിമാനകരമായ പ്ലാറ്റ് ഫോമാണ് കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു. സംസ്ഥാനത്തെ മൂന്ന് ഐടി പാര്‍ക്കുകളിലായി (ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്) വ്യാപിച്ചുകിടക്കുന്ന ഡിജിറ്റല്‍ ആവാസവ്യവസ്ഥയുടെ പരിണാമത്തിന്‍റെ കേന്ദ്രീകൃത മാതൃകയുള്ള കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സാങ്കേതികവിദ്യാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ്. ശക്തമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ, മികച്ച അക്കാദമിക് സ്ഥാപനങ്ങള്‍, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍, മികച്ച ഭരണം എന്നിവയാല്‍ സമ്പന്നമാണ് ഇവിടം.


ഔദ്യോഗിക സംസ്ഥാന പങ്കാളി എന്ന നിലയിലുള്ള കേരളത്തിന്‍റെ പങ്കാളിത്തം അഭിമാനകരമാണ്. ഇത് കേരള ഐടിയുടെ സ്വാധീനശക്തിയേയും സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയേയും അടിവരയിടുന്നു. ഐടി മേഖലയിലെ പങ്കാളിത്തത്തിനും നിക്ഷേപ അവസരങ്ങള്‍ക്കും എക്സ്പോ പുത്തന്‍ വഴി തുറക്കുന്നു. കേരള ഐടി സംഘത്തെ നയിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും സഞ്ജീവ് നായര്‍ കൂട്ടിച്ചേര്‍ത്തു.


കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയുടെ ഔദ്യോഗിക സംസ്ഥാന പങ്കാളിയാകാന്‍ കേരളത്തിന് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു.


 ശക്തമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, നൂതന സൗകര്യങ്ങള്‍, എഐ, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, എവിജിസി-എക്സ് ആര്‍ പോലുള്ള വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഐടി സംരംഭങ്ങള്‍ക്ക് വളരാന്‍ പറ്റുന്നയിടമായി കേരളം മാറിയിട്ടുണ്ട്.

Advertisment