ദീർഘകാലം ഇന്ത്യൻ നിരത്തുകൾ ഭരിച്ച ആൾട്ടോ കാറുകൾ ഇപ്പോൾ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നു. 45 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നേട്ടമാണ് ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. 2000ൽ പുറത്തിറക്കിയ ഓൾട്ടോ 2023ലും വിൽപ്പനയിൽ മുന്നിൽ തന്നെ തുടരുന്നു. ഇന്ത്യൻ വാഹന വിപണിയിൽ ദീർഘകാലമായി പേരുകളിൽ ഒന്ന് കൂടിയാണ്. മാരുതി സുസുക്കി ആൾട്ടോ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാർ എന്ന പദവി കൂടി മാരുതി സുസുക്കി ആൾട്ടോയിക്ക് സ്വന്തമാണ്. എന്താണ് മാരുതി സുസുക്കി ആൾട്ടോയെ ജനപ്രിയമാക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇത് ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കുറഞ്ഞ കാറാണ് എന്നത് തന്നെയാണ്. മികച്ച മൈലേജും ഈ വാഹനം നൽകുന്നുണ്ട്.
പെർഫോമൻസിന്റെ കാര്യത്തിലും മോശമല്ല. ആകർഷകമായ ഡിസൈനും പുതിയ ആൾട്ടോയ്ക്കുണ്ട്. മാരുതി സുസുക്കി ആൾട്ടോയുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 3.99 ലക്ഷം രൂപ മുതലാണ്. ആദ്യമായി കാർ വാങ്ങുന്ന ആളുകൾക്ക് മാരുതി സുസുക്കി ആൾട്ടോ മികച്ച ഓപ്ഷനായി മാറുന്നത് അതിന്റെ വലിപ്പക്കുറവും കുറഞ്ഞ വിലയും കാരണമായിരിക്കും. നമുക്ക് ചുറ്റിലും റോഡുകളിൽ നോക്കിയാൽ തന്നെ ഒന്നിലധികം ആൾട്ടോകൾ കാണാൻ സാധിക്കും എന്നത് ഈ വാഹനത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു. സർവ്വീസ് കോസ്റ്റ് കുറവാണ് എന്നതും ആൾട്ടോയുടെ ജനപ്രിതി വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. മാരുതി സുസുക്കിയുടെ സർവ്വീസ് സെന്ററുകളുടെ ലഭ്യതയും പാർട്സുകളുടെ ലഭ്യതയും മാരുതി സുസുക്കി ആൾട്ടോയ്ക്ക് തുണയായിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളാണ് മാരുതി സുസുക്കി, അതുകൊണ്ട് തന്നെ വിശാലമായ ഡീലർഷിപ്പും സർവീസ് സ്റ്റേഷൻ ശൃംഖലയും കമ്പനിക്കുണ്ട്. ഇന്ത്യയിലെവിടെ നിന്നും മാരുതി സുസുക്കി കാർ വാങ്ങുന്നതോ സർവ്വീസ് ചെയ്യുന്നതോ എളുപ്പമുള്ള കാര്യമാണ്. മാരുതി സുസുക്കി ആൾട്ടോ ഏത് സാഹചര്യത്തിലും ഉപയോഗിക്കാൻ സാധിക്കും. മലയോര മേഖലകളിൽ മറ്റ് കാറുകൾ ബുദ്ധിമുട്ടുന്ന ഇടങ്ങളിൽ പോലും ആൾട്ടോ ഉപയോഗിക്കുന്നതും അതുകൊണ്ട് തന്നെയാണ്.
ടയർ II, ടയർ III നഗരങ്ങളിലാണ് മാരുതി സുസുക്കി ആൾട്ടോയ്ക്ക് ജനപ്രിതി കൂടുതൽ 67 പിഎസ് പവറും 89 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന മാരുതിയുടെ 1.0-ലിറ്റർ ത്രീ-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ആൾട്ടോയ്ക്ക് നിലവിൽ കരുത്ത് നൽകുന്നത്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടാണ് കാർ വരുന്നത്. ഓപ്ഷണൽ 5 സ്പീഡ് എഎംടിയും കാറിലുണ്ട്. നിലവിൽ ആൾട്ടോ ഒരു ഓപ്ഷണൽ സിഎൻജി കിറ്റിലും ലഭ്യമാണ്. 800സിസിയുള്ള ആൾട്ടോ മോഡൽ പുതിയ എമിഷൻ മാനദണ്ഡങ്ങൾ വന്നതോടെ 2023 ഏപ്രിലിൽ നിർത്തലാക്കിയിരുന്നു.
യൂസ്ഡ് കാറുകളുടെ വിപണിയിൽ ധാരാളം ആവശ്യക്കാരുള്ള മോഡൽ കൂടിയാണ് മാരുതി സുസുക്കി ആൾട്ടോ. ദീർഘകാലം ഉപയോഗിച്ചാലും അധികം പണം ചിലവഴിക്കാൻ മാത്രമുള്ള കേടുപാടുകൾ വരുന്നില്ല എന്നതാണ് ഈ കൊച്ചു കാറിനെ യൂസ്ഡ് കാറുകളുടെ വിപണിയിൽ ജനപ്രിയമാക്കുന്നത്. ആകർഷകമായ സവിശേഷതകളുമായി വരുന്ന ആൾട്ടോ അതിന്റെ കുതിപ്പ് വരും വർഷങ്ങളിലും തുടരുമെന്ന് ഉറപ്പാണ്. പുതിയ ഡിസൈനിലെത്തിയ ആൾട്ടോയും ഇപ്പോൾ മികച്ച വിൽപ്പന നേടുന്നുണ്ട്.