മാരുതി സുസുക്കി ഫ്രോങ്ക്സ് കോംപാക്റ്റ് എസ്‌യുവി ഇപ്പോൾ ടാറ്റ നെക്സോണിനെ പോലും പിന്നിലാക്കിയിരിക്കുകയുമാണ്. ജൂലൈ മാസത്തിലെ വാഹന വിൽപ്പനയുടെ കണക്കുകളിലാണ് നെക്സോണിനെ ഫ്രോങ്ക്സ് പിന്നിലാക്കിയത്. ഇത് ആദ്യമായിട്ടാണ് നെക്സോൺ മാരുതി സുസുക്കി എസ്‌യുവിയുടെ പിന്നിലായിരിക്കുന്നത്. ആകർഷകമായ വിലയും സവിശേഷതകളുമാണ് ഫ്രോങ്ക്സിനെ ഇത്രയും ജനപ്രിതിയുള്ള വാഹനമാക്കി മാറ്റിയത്.
മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ എക്സ് ഷോറൂം വില 7.46 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. വാഹനത്തിന്റെ ഹൈ എൻഡ് മോഡലിന് 13.13 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫ്രോങ്ക്സ് നിർമ്മിച്ചിരിക്കുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് കെ-സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിൻ, 1.0 ലിറ്റർ ത്രീ-സിലിണ്ടർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിൻ എന്നിവയാണ് ഫ്രോങ്ക്സിലുള്ളത്.
1.2 ലിറ്റർ പെട്രോൾ എഞ്ചിനുള്ള മാരുതി സുസുക്കി ഫ്രോങ്ക്സിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 5 സ്പീഡ് എഎംടി എന്നിവയാണുള്ളത്. 1 ലിറ്റർ എഞ്ചിനൊപ്പം 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമാണുള്ളത്. കമ്പനിയുടെ ഇന്ത്യയിലെ ലൈനപ്പിൽ ബ്രെസ്സയ്ക്ക് താഴെയാണ് ഫ്രോങ്ക്സിന്റെ സ്ഥാനം. നെക്‌സ പ്രീമിയം ഡീലർഷിപ്പുകൾ വഴിയാണ് ഈ വാഹനം വിൽപ്പന നടത്തുന്നത്. ഇന്റീരിയറടക്കം പല കാര്യങ്ങളിലും ഫ്രോങ്ക്സിന് ബലേനോയുമായി സാമ്യമുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി എസ്‌യുവി വിപണിയിൽ മികച്ച വിൽപ്പന നേടാൻ മാരുതി സുസുക്കിയെ സഹായിച്ച എസ്‌യുവികളിലൊന്നാണ് ഫ്രോങ്ക്സ്. 2023 ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മികച്ച എസ്‌യുവികളിൽ മാരുതി സുസുക്കിയുടെ മൂന്ന് മോഡലുകൾ ഇടം പിടിച്ചിരുന്നു. മാരുതി സുസുക്കി ബ്രെസ്സ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര എന്നിവയാണ് ജൂലൈയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എസ്‌യുവികളുടെ പട്ടികയിലുള്ള മോഡലുകൾ.
ടാറ്റ നെക്സോൺ എന്നത് വളരെ മാസങ്ങളായി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ്. ഫ്രോങ്ക്സ് വിൽപ്പനയിൽ ഈ വാഹനത്തെ മറികടന്നു എന്നത് ടാറ്റയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. അടുത്ത മാസത്തോടെ ടാറ്റ നെക്സോൺ ഫേസ്സ്‌ലിഫ്റ്റ് പുറത്തിറങ്ങുമെന്നാണ് സൂചനകൾ. ഈ ഫേസ്ലിഫ്റ്റ് പതിപ്പിലൂടെ വിൽപ്പന വർധിപ്പിക്കാൻ സാധിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഡിസൈനിൽ അടക്കം നിരവധി മാറ്റങ്ങളോടെയായിരിക്കും ടാറ്റ നെക്സോൺ ഫേസ്ലിഫ്റ്റ് പുറത്തിറങ്ങുന്നത്.