/sathyam/media/media_files/2025/01/27/q6QOUdAHvfBrZEOaLHcl.jpg)
തിരുവനന്തപുരം: ചരിത്രം കുറിച്ച് ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിച്ച രണ്ട് ഉപഗ്രഹങ്ങളെ വേർപെടുത്തി ലോകത്തിനു മുന്നിൽ കരുത്ത് കാട്ടാനൊരുങ്ങുകയാണ് ഐ.എസ്.ആർ.ഒ.
ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുകയും വേർപെടുത്തുകയും ചെയ്യുന്ന സ്‌പേസ് ഡോക്കിംഗ് എക്സിപിരിമെന്റ് (സ്‌പെഡെക്സ്) അവസാനഘട്ടത്തിന്റെ ഭാഗമായാണ് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന രണ്ട് ഉപഗ്രഹങ്ങളെ വേർപിരിക്കുന്നത്.
കൂട്ടിയോജിപ്പിച്ചതാണ് (ഡോക്കിങ്)ഇതിന്റെ ആദ്യഭാഗം. വീണ്ടും വേർപെടുത്തുന്നതാണ് (അൺഡോക്കിങ് ) ദൗത്യം. ഏറ്റവും സങ്കീർണായ ഘട്ടമായ ഇത് ഈയാഴ്ച തന്നെ നടത്തും.
ഡിസംബർ 30നാണ് സ്പെഡെക്സ് ദൗത്യത്തിനായി ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങളെ വിക്ഷേപിച്ചത്. ജനുവരി 16നാണ് ഇവയെ കൂട്ടിയോജിപ്പിച്ച് ഒരു ഉപഗ്രഹമാക്കിയത്. നിലവിൽ ഒരു ഉപഗ്രഹമായി ഭൂമിയെ ചുറ്റികൊണ്ടിരിക്കുകയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വെറും ഡോക്കിംഗ്, അൺഡോക്കിംഗ് പ്രക്രിയയും പരീക്ഷണവും മാത്രമല്ല.
ചന്ദ്രനിൽനിന്നും അമൂല്യദ്രവ്യങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരണമെങ്കിൽ ഭ്രമണപഥത്തിലുള്ള ഓർബിറ്ററിലേക്ക് ചന്ദ്ര ഉപരിതലത്തിൽനിന്നും ദ്രവ്യസാമ്പിളുകളുമായി പുറപ്പെടുന്ന പേടകം കൂട്ടിയോജിപ്പിക്കാനും കഴിയണം.
അങ്ങനെ നോക്കിയാൽ ബഹിരാകാശ ഗവേഷണത്തിൽ അതിപ്രധാനമായ പല പരീക്ഷണങ്ങൾക്കും ഡോക്കിംഗ് വിദ്യ അത്യാവശ്യമാണ്.
ഭൂമിയിലില്ലാത്ത അമൂല്യ പദാർത്ഥങ്ങളും ധാതുക്കളും ചന്ദ്രനിലുണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ കണ്ടെത്തിയത്. അവിടെ നിന്ന് ഭാവിയിൽ ഖനനം ചെയ്ത് ഈ മൂലകങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ ഐ.എസ്.ആർ.ഒയ്ക്ക് കഴിയും.
വേഗത്തിൽ ചലിക്കുന്ന രണ്ട് ഉപഗ്രഹങ്ങളെയോ ബഹിരാകാശ പേടകങ്ങളെയോ ഒരുമിപ്പിച്ച് ഭ്രമണപഥത്തിൽ ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് ഡോക്കിങ്.
ഒറ്റ വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിയാത്ത വലിയ പേലോഡുകൾ ഉപയോഗിക്കേണ്ടിവരുന്ന ദൗത്യങ്ങളിൽ ഇത് പ്രധാനമാണ്.
ബഹിരാകാശനിലയ ക്രൂ എക്സ്‌ചേഞ്ച്, ബഹിരാകാശനിലയങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കൽ തുടങ്ങിയ നിർണായക ജോലികൾക്ക് ഈ സാങ്കേതികവിദ്യകൾ ഇല്ലാതെ പറ്റില്ല. അതുപോലെ ഗ്രഹാന്തര പര്യവേക്ഷണം, ആകാശ ഗോളങ്ങളിൽനിന്നുള്ള സാമ്പിൾ ശേഖരണം ഉൾപ്പെടെയുള്ള സങ്കീർണ ദൗത്യങ്ങൾക്കും ഇവ അനിവാര്യം.
ഭൂമിയിൽനിന്ന് ബഹിരാകാശയാത്രികർ ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുമ്പോൾ അവരുടെ പേടകം സ്റ്റേഷനിൽ കൃത്യമായി ഡോക്ക് ചെയ്യണം.
ഇത് ക്രൂവിന്റെയും ചരക്കുകളുടെയും സുരക്ഷിതമായ കൈമാറ്റം ഉറപ്പാക്കുന്നു.
കൃത്യത മെച്ചപ്പെടുത്താൻ വീണ്ടും ഡോക്കിങ് പരീക്ഷണം നടത്തും. രണ്ടുവർഷമാണ് ഉപഗ്രഹങ്ങളുടെ കാലാവധി. ഇതിന് ഭാരതീയ ഡോക്കിംഗ് സിസ്റ്റം എന്ന പേരിൽ പേറ്റന്റും എടുത്തിട്ടുണ്ട്.
സ്വന്തം സ്‌പേസ് സ്റ്റേഷനുൾപ്പെടെ ഇന്ത്യൻ സ്വപ്നങ്ങളിലേക്കുള്ള അടുത്ത ചുവടാണ് സ്‌പേഡെക്സ്. ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗൻയാൻ, ചന്ദ്രോപരിതലത്തിലുള്ള സാംപിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിച്ച് പഠനം നടത്താനുള്ള ചന്ദ്രയാൻ–4 എന്നീ പദ്ധതികൾക്കും മുതൽക്കൂട്ടാകും. ഏറ്റവും കുറഞ്ഞ ചെലവിൽ ലക്ഷ്യം നേടിയെന്ന ഖ്യാതിയും ഇനി ഇന്ത്യയ്ക്ക് സ്വന്തം.125 കോടി രൂപയാണ് ചെലവ്.
സ്‌പേയ്സ് ഡോക്കിംഗ് പരീക്ഷണത്തിനുള്ള പി.എസ്.എൽ.വി.സി 60 റോക്കറ്റും 400കിലോഗ്രാം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങളും നിർമ്മിച്ചത് തിരുവനന്തപുരത്തെ അനന്ത് ടെക്‌നോളജീസ് ലിമിറ്റഡാണ്.
രാജ്യത്താദ്യമായാണ് ഒരു സ്വകാര്യ കമ്പനി പി.എസ്.എൽ.വി റോക്കറ്റിന്റേയും ഉപഗ്രഹങ്ങളുടേയും കൂടുതൽ ഭാഗങ്ങളും നേരിട്ട് നിർമ്മിക്കുന്നത്.
ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ ഡോ.സുബ്ബറാവു പാവലൂരി 2000ൽ ഹൈദരാബാദിൽ സ്ഥാപിച്ച അനന്ത് ടെക്‌നോളജീസ് ഐ.എസ്.ആർ.ഒയുടെ ഏറ്റവും വലിയ സ്വകാര്യപങ്കാളിയാണ്.
2010ലാണ് തിരുവനന്തപുരത്ത് കമ്പനി തുടങ്ങുന്നത്. 2020ൽ മേനംകുളം കിൻഫ്രപാർക്കിലേക്ക് മാറി. പി.എസ്.എൽ.വിയുടെ സി 51 മുതൽ 60വരെയുള്ള പത്ത് റോക്കറ്റുകൾ നിർമ്മിച്ചത് അനന്ത് ആണ്. തിരുവനന്തപുരം ബ്രഹ്മോസിൽ മിസൈൽ നിർമ്മാണ കരാറും ഏറ്റെടുത്തിട്ടുണ്ട്.