തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഓട്ടോമോട്ടീവ് ടെക് ആവാസവ്യവസ്ഥ അടുത്തറിയുന്നതിനായി ജപ്പാനിലെ ഡിജിറ്റല്‍ സൊല്യൂഷന്‍സ് ഇന്‍കോര്‍പ്പറേറ്റഡ് (ഡിഎസ്ഐ), ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ഉന്നതതല പ്രതിനിധി സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു.
ഡിഎസ്ഐ ജപ്പാന്‍ പ്രസിഡന്‍റ് കാഞ്ചി ഉയേദയുടെ നേതൃത്വത്തിലുള്ള സംഘം ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ടെക്നോപാര്‍ക്ക് വികസിപ്പിച്ചെടുത്ത അത്യാധുനിക ടെക് ആവാസവ്യവസ്ഥയെക്കുറിച്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ പ്രതിനിധി സംഘത്തിന് വിശദീകരിച്ചു.
ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ (ലെക്സസ് ഡിവിഷന്‍) ജനറല്‍ മാനേജര്‍ യോഷിഹിരോ ഇവാനോ, ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ (ലെക്സസ് ഡിവിഷന്‍) ഗ്രൂപ്പ് മാനേജര്‍ അകിനോബു വാനിബെ, ടൊയോട്ട സുഷോ സിസ്റ്റംസ് കോര്‍പ്പറേഷനിലെ റെയ് ഇസോഗായ്, ടൊയോട്ട സുഷോ സിസ്റ്റംസ് കോര്‍പ്പറേഷനിലെ കട്സുയോഷി ഹിരാനോ, ഡിഎസ്ഐ ടെക്നോളജീസ് ഡയറക്ടറും സിഇഒയുമായ ഹരിഹരന്‍ എന്നിവരാണ് ജാപ്പനീസ് പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.
എഐ, റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ആവാസവ്യവസ്ഥ ഉള്ളതിനാല്‍ ടെക്നോപാര്‍ക്ക് പുതിയ കമ്പനികള്‍ക്ക് ധാരാളം അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് ജാപ്പനീസ് പ്രതിനിധി സംഘവുമായുള്ള ആശയവിനിമയത്തിനിടെ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.)പറഞ്ഞു. ടെക്നോപാര്‍ക്ക് ആവാസവ്യവസ്ഥയില്‍ സാങ്കേതികവിദ്യയും വിഭവങ്ങളും കൈമാറ്റം ചെയ്യുന്നതിലൂടെ കമ്പനികള്‍ തമ്മിലുള്ള ഫലപ്രദമായ സഹകരണം സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മേഖലകളിലെ കമ്പനികളുള്ള ടെക്നോപാര്‍ക്കിന്‍റെ സാങ്കേതിക ആവാസവ്യവസ്ഥയുടെ വ്യാപ്തി മതിപ്പുളവാക്കുന്നതാണെന്ന് കാഞ്ചി ഉയേദ പറഞ്ഞു. നൂതന ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി ടെക്നോപാര്‍ക്ക് കമ്പനികള്‍ ഉണ്ടെന്നത് ശ്രദ്ധേയമാണ്. സിഎഡി ആപ്ലിക്കേഷനുകളില്‍ സഹകരണത്തിനുള്ള സാധ്യതകള്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് പതിറ്റാണ്ടായി ടെക്നോപാര്‍ക്ക് ഫേസ് ഒന്നില്‍ പ്രവര്‍ത്തിക്കുന്ന ഡിഎസ്ഐ ടെക്നോളജീസ് ഓട്ടോമോട്ടീവ്, ഹെവി എഞ്ചിനീയറിംഗ്, ഗതാഗതം, എയ്റോസ്പേസ് മേഖലകളിലെ വ്യവസായങ്ങള്‍ക്ക് ആഗോളതലത്തില്‍ സിഎഡി-സിഎഇ മോഡലിംഗ് ആന്‍ഡ് ഡിസൈന്‍, സിഎഇ വിശകലനം, സോഫ്റ്റ് വെയര്‍ ഉല്‍പ്പന്നങ്ങളുടെ സിജി മോഡലിംഗ്, കസ്റ്റമൈസേഷന്‍ എന്നിവ നല്‍കുന്ന കമ്പനിയാണ്.
സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഐടി പാര്‍ക്ക് എല്ലാ നൂതന സാങ്കേതികവിദ്യകളും ഉള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്നത് കാണുന്നത് വളരെ സന്തോഷകരമാണെന്ന് അകിനോബു വാനിബെ അഭിപ്രായപ്പെട്ടു