കോൺസുലേറ്റും സോഷ്യൽ ഫോറവും കൈകോർത്തു; ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം യു.പി. സ്വദേശി നാടണഞ്ഞു.

New Update

അബഹ / ജിദ്ദ: കോൺസുലേറ്റ് അധികൃതരും ഇന്ത്യൻ സോഷ്യൽ ഫോറവും അബഹയിലെ പ്രിൻസ് ഫൈസൽ ബിൻ ഖാലിദ് ആശുപത്രിയും കൈകോർത്തതിനാൽ ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ ഉത്തർപ്രദേശ് മുറാദാബാദ് സംഭാൽ സ്വദേശിയായ മുഹമ്മദ് അഹമ്മദ് (55) സുഖമായി കുടുംബത്തോടൊപ്പം ചേർന്നു.

Advertisment

publive-image

നാട്ടിലേക്ക് പുറപ്പെടുന്ന യു.പി. സ്വദേശിയായ മുഹമ്മദ് അഹമ്മദ് സോഷ്യൽ ഫോറം പ്രവർത്തകർക്കും ആശുപത്രി അധികൃതർക്കുമൊപ്പം

അൽ ബാഹയിലെ ഒരു കൃഷിയിടത്തിൽ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് അഹമ്മദ്. ഹൃദയ സ്തംഭനം നേരിട്ടതിനാൽ അബഹയിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് കാർഡിയാക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം സങ്കീർണമായതിനാൽ ഹൃദയം തുറന്ന ശസ്ത്രക്രിയ മാത്രമായിരുന്നു ഏക പരിഹാരം. വിദേശ പൗരന്മാർക്ക് സൗജന്യ ശസ്ത്രക്രിയ ഇവിടെ നടത്താറില്ലെങ്കിലും ആശുപത്രി അധികൃതരുടെ മനുഷ്യത്വപരമായ ഇടപെടൽ മൂലം വൻ തുക ചിലവ് വരുന്ന ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ പൂർണ്ണമായും സൗജന്യമായി നൽകുകയായിരുന്നു. ശസ്ത്രക്രിയക്കു ശേഷം ഒന്നര മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ മുഹമ്മദ് അഹമ്മദിന് ഡോക്ടർമാർ ആറു മാസം വിശ്രമവും നിർദ്ദേശിച്ചു.

സ്വന്തക്കാരോ സുഹൃത്തുക്കളോ ഇല്ലാതിരുന്ന മുഹമ്മദ് അഹമ്മദിന്ന് സ്വന്തമായി പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാനോ ഭക്ഷണം കഴിക്കാനോ ബുദ്ധിമുട്ടായിരുന്നു. കൂടുതൽ ദിവസം ആശുപത്രിയിൽ കഴിയാനും നിയമമില്ലാത്തതിനാൽ ആശുപത്രി അധികൃതർ ഹെഡ് നേഴ്സ് ലതാ രാജൻ വഴി ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികളെ ബന്ധപ്പെടുകയായിരുന്നു.

സോഷ്യൽ ഫോറം എക്സിക്യൂട്ടീവ് അംഗവും ജിദ്ദ കോൺസുലേറ്റിലെ സാമൂഹ്യ ക്ഷേമ വിഭാഗം മെമ്പറുമായ ഹനീഫ മഞ്ചേശ്വരം, ഷറഫുദ്ദീൻ  മണ്ണാർക്കാട്, സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് മുഹമ്മദ് കോയ ചേലേമ്പ്ര എന്നവർ മുഹമ്മദിനെ സന്ദർശിച്ച് ആശുപത്രി അധികൃതരുമായി ചർച്ച നടത്തുകയും മുഹമ്മദ് അഹമ്മദിനെ നാട്ടിലേക്ക് അയക്കാൻ വേണ്ട നടപടികൾ പൂർത്തിയാക്കാൻ 15 ദിവസത്തെ സമയം ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കോർഡിനേറ്റർ അഷ്‌റഫ് മൊറയൂർ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖുമായി ചർച്ച നടത്തുകയും ജൂൺ 15 നുള്ള ജിദ്ദ - ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ യാത്രയ്ക്ക് അനുമതി നേടുകയും ചെയ്തു. പക്ഷെ അബഹയിൽ നിന്ന് അന്നേദിവസം കണക്ഷൻ ഫ്ലൈറ്റ് ഇല്ലാതിരുന്നതിനാൽ പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യിച്ച് മുഹമ്മദിനെ അബഹയിൽ നിന്ന് ജൂൺ 14 നു ജിദ്ദയിലേക്കുള്ള വിമാനത്തിൽ എത്തിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം നോർത്തേൺ സ്റ്റേറ്റ് ജിദ്ദ വെൽഫെയർ ഇൻചാർജ് ഫിറോസ് അലഹബാദ്, ഫയാസ് ദർബംഗ, അക്രം ലക്‌നൗ എന്നവർ മുഹമ്മദിനെ വിമാനത്താവളത്തിൽ നിന്ന് ഏറ്റുവാങ്ങി ജിദ്ദയിൽ താമസിപ്പിച്ച് വേണ്ട ശുശ്രൂഷകൾ നൽകുകയും ചെയ്തു.

അടുത്ത ദിവസം ജിദ്ദ - ഡൽഹി വിമാനത്തിൽ അതേ സെക്റ്ററിലെ യാത്രക്കാരനും ഉത്തർ പ്രദേശ് സ്വദേശിയുമായ അമീറിന്റെ കൂടെ സോഷ്യൽ ഫോറം നോർത്തേൺ സ്റ്റേറ്റ് വെൽഫെയർ ഇൻചാർജ് ഫിറോസ് അലഹബാദിന്റെ നേത്യത്വത്തിൽ ഫയാസ് ദർബംഗ, അക്രം ലക്‌നൗ എന്നിവർ ജിദ്ദ എയർപോർട്ടിൽ നിന്ന് മുഹമ്മദിനെ യാത്രയാക്കി. ന്യൂ ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ അവരെ സ്വീകരിക്കാനും വേണ്ട സഹായങ്ങൾ ചെയ്യാനും ഡൽഹി എസ് ഡി പി ഐ പ്രവർത്തകരായ മുഹമ്മദ് ഇസ്ലാം, മുഹമ്മദ് നഫീസ് എന്നിവർ ഉണ്ടായിരുന്നു.

ലോക്ക് ഡൌൺ കാലത്തെ തടസ്സങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും തരണം ചെയ്ത് കഴിഞ്ഞ ദിവസം ആംബുലൻസിൽ ഉത്തർ പ്രദേശ് മുറാദാബാദ് സംഭാലിലെ വീട്ടിൽ മുഹമ്മദ് എത്തിച്ചേർന്നു. സൗജന്യ വിമാന ടിക്കറ്റ് നൽകി സഹായിച്ച കോൺസൽ ജനറലിനും ആശുപത്രി അധികൃതർക്കും ഒരു സഹോദരനെയെന്ന പോലെ പ്രത്യേക പരിചരണം നൽകിയ സിസ്റ്റർ ലത രാജനും സോഷ്യൽ ഫോറം - എസ്.ഡി.പി.ഐ പ്രവർത്തകർക്കും മുഹമ്മദ് അഹമ്മദിൻ്റ കുടുംബം നന്ദി അറിയിച്ചു.

Advertisment