Advertisment

ടി. സിദ്ധിഖ് എംഎൽഎ ഇടപെട്ടു; വെള്ളപ്പൻകണ്ടി കോളനിയിൽ ഇനി ഫസ്റ്റ് ബെൽ മുഴങ്ങും...

New Update

publive-image

Advertisment

കൽപ്പറ്റ: വൈദ്യുതി പോലുമെത്താത്ത മേപ്പാടി വെള്ളപ്പൻകണ്ടിയിലെ കുട്ടികൾക്ക് ഇത്രയുംനാൾ ഓൺലൈൻ പഠനം നടക്കാത്ത ഒരു സ്വപ്നമായിരുന്നു. സഹജീവികളെ ചേർത്തു പിടിക്കുന്ന ഒരു കൂട്ടമാളുകൾ ആ സ്വപ്നം ഇപ്പോൾ യാഥാർഥ്യമാക്കിയിരിക്കുന്നു. അതിനു മുന്നിൽ നിന്നത് കല്പറ്റ എംഎൽഎ അഡ്വ. ടി സിദ്ധിഖും. ആ സ്വപ്നത്തിന്റെ ഉദ്ഘാടനമാണ് നാളെ (വ്യാഴം).

മേപ്പാടി ഗ്രാമപഞ്ചായത്തിലെ കള്ളാടി പ്രദേശത്ത് എട്ടാം വാര്‍ഡില്‍ പശ്ചിമഘട്ട മലനിരകളിലെ നിബിഡ വനമേഖലയില്‍പ്പെടുന്ന സ്ഥലമാണ് വെള്ളപ്പൻകണ്ടി. മേപ്പാടി ടൗണില്‍ നിന്നും ചൂരല്‍മല റോഡിലൂടെ 10 കിലോ മീറ്ററോളം റോഡും വനപാതകളും നടവഴികളും താണ്ടിയാല്‍ മാത്രം എത്തിച്ചേരാവുന്ന വന ഗ്രാമം.

ഈ പ്രദേശം ഇന്ന് ഒരു ഗോത്രവര്‍ഗ്ഗ കോളനിയാണ്. മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ഭൂരഹിതരായ ആദിവാസി കുടുംബങ്ങളെ അധിവസിപ്പിക്കാനായി നല്‍കിയ പ്രദേശമാണ് വെള്ളപ്പന്‍കണ്ടി കോളനിയായി മാറിയത്.

publive-image

പ്രകൃതി അതിന്റെ സൗന്ദര്യം കലവറയില്ലാതെ പതിച്ച് നല്‍കിയ സുന്ദരമായ കാഴ്ചകളും സുഖകരമായ കാലാവസ്ഥയുമുള്ള സ്ഥലം. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങൾക്ക് ഇനിയും നാന്ദിക്കുറിക്കപ്പെട്ടിട്ടുപോലുമില്ല, ഈ പ്രദേശത്ത്.

ഇതിനോടകം ഇവിടേക്ക് മാറ്റി താമസിപ്പിച്ചിരിക്കുന്നത് 17 കുടുംബങ്ങളെയാണ്. അദ്ധ്യയനം ആരംഭിച്ച് മാസം ഒന്നു കഴിഞ്ഞിട്ടും ഓണ്‍ലൈന്‍ പഠനത്തിന് ടി.വി യും വൈദ്യുതിയും കേബിള്‍ കണക്ഷനും മറ്റു സംവിധാനങ്ങളുമൊന്നും ഇവിടെ ഉണ്ടായിരുന്നില്ല.

ഐ.റ്റി.ടി.പി ഓഫീസര്‍ ശ്രീ ചെറിയാനാണ് ഈ വിഷയം ആദ്യമായി ടി സിദ്ധിഖ് എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി എം.എല്‍.എ അടിയന്തിരമായി ഇടപെട്ടു. എം എൽ എ ഹെല്‍പ് ഡെസ്‌ക്ക് ഇതിന് ആവശ്യമായ സാമഗ്രികൾ‍ സമാഹരിച്ചു. സ്മാർട്ട് ടി.വി, സോളാര്‍ സിസ്റ്റം, ഡിഷ് ടി.വി മറ്റു അനുബന്ധ സൗകര്യങ്ങളെല്ലാം ഹെല്‍പ്‌ഡെസ്‌ക്ക് ക്രമീകരിച്ചു.

കോളേജ് അധ്യാപക സംഘടന കെ.പി.സി.ടി.എ.യുടെ മുട്ടില്‍ ഡബ്ല്യു.എം ഒ കോളേജ്‌ യൂണിറ്റ് ഈ സംരഭത്തിന് ആവശ്യമായ സോളാര്‍ സംവിധാനം ഒരുക്കുവാന്‍ സന്നദ്ധരായി. എം എൽ എ യുടെ പ്രവാസി സുഹൃത് LED ടെലിവിഷനും കല്‍പ്പറ്റ റോട്ടറി ക്ലബ്ബ് ഡിഷ് ടി.വിയും നൽകി.

അതോടെ, വെള്ളപ്പന്‍കണ്ടിയില്‍ ഡിജിറ്റല്‍ പഠനമുറി എന്ന സ്വപ്നം യാഥാർത്ഥ്യമായി. നാളെ രാവിലെ 11.30 ന് കൽപ്പറ്റ എം.എൽ എ അഡ്വ. .ടി. സിദ്ധിഖ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓമന രമേശ്, ഐ.റ്റി.ടി.പി.ജില്ലാ ഓഫീസർ ശ്രീ.ചെറിയാൻ എന്നിവരും മറ്റ് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പങ്കെടുക്കുന്ന ചടങ്ങിൽ, അറിവിന്റെ വാതായനങ്ങള്‍ വെള്ളപ്പന്‍കണ്ടിയിൽ തുറക്കപ്പെടും. വെളിച്ചത്തിന്റെ ചിറകിൽ അവർ പുതിയ ആകാശം കാണും.

t siddique
Advertisment