യുഎൻഎയുടെ ഇടപെടൽ മൂലം നഴ്സുമാർക്ക് നീതി ലഭിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, June 18, 2021

ഡല്‍ഹി: പാലംവിഹാർ മെട്രോ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ആരോഗ്യ പ്രവർത്തകർക്കാണ് യുഎൻഎയുടെ ഇടപെടൽ മൂലം മുടങ്ങികിടന്നിരുന്ന ശമ്പളം ലഭിച്ചത്‌.

കഴിഞ്ഞ ഫെബ്രുവരി 21 ന് പാലം വിഹാർ മെട്രോ ഗുഡ്ഗാവ് ഹോസ്പിറ്റൽ മറ്റൊരു ഹോസ്പിറ്റൽ ഏറ്റെടുക്കുകയും യാതൊരു മുന്നറിയിപ്പും കൂടാതെ ആരോഗ്യ പ്രവർത്തകരെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു.

അന്ന് മുതൽ ആശുപത്രി അധികൃതർ നഴ്സുമാർക്ക് വിവിധ കാരണങ്ങൾ പറഞ്ഞു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാതെ മാസങ്ങളോളം കബളിപ്പിക്കുകയായിരുന്നു. ശമ്പളമില്ലാതെ നഴ്സുമാർ വളരെയധികം ബുദ്ധിമുട്ടിലായിരുന്നു. പല തവണ നഴ്സുമാർ അവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മെട്രോ ആശുപത്രി അധികൃതർ ശമ്പളം നല്കാൻ തയ്യാറായിരുന്നില്ല.

ഈ വിഷയവുമായി ബന്ധപ്പെട്ട് യുഎൻഎക്ക് പരാതി ലഭിക്കുകയും ഹരിയാന തൊഴിൽ വകുപ്പുമായി ബന്ധപ്പെടുകയും തുടർന്ന് ആശുപത്രി മാനേജ്മെന്റുമായി യുഎൻഎ നടത്തിയ ചർച്ചയിൽ ശമ്പളം നൽകാമെന്ന് സമ്മതിക്കുകയുമായിരുന്നു.

കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകരുടെ ശബളം തടഞ്ഞ് വെക്കുന്നത് സുപ്രീം കോടതിയുടെയും കേന്ദ്ര ഗവൺമെൻ്റിൻ്റെയും ഉത്തരവിൻ്റെ നഗ്നമായ ലംഘനമാണ് എന്ന് യുഎൻഎ പ്രസിഡൻ്റ് ജോഷി മാത്യു അറിയിച്ചു. സാലറിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉണ്ടെങ്കിൽ യുഎൻഎയുമായി ബന്ധപ്പെടുക. (9560232188).

×