Advertisment

ഹൃദ്രോഗ ബാധിതരായ കുട്ടികളുടെ ചികില്‍സയ്ക്ക് ധനശേഖരണാര്‍ത്ഥം റോട്ടറി ക്ലബ് രാജ്യാന്തര ഗോള്‍ഫ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ജന്മനാല്‍ ഹൃദ്‌രോഗ ബാധിതരായ കുട്ടികളുടെ ചികില്‍സയ്ക്കു ധനശേഖരണാര്‍ത്ഥം ദക്ഷിണ ഡല്‍ഹിയിലെ റോട്ടറി ക്ലബ് 12 ദിവസത്തെ ഹൈബ്രിഡ് രാജ്യാന്തര ഗോള്‍ഫ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

'ഗോള്‍ഫ് കളിക്കൂ, ജീവന്‍ സമ്മാനിക്കൂ' എന്ന സന്ദേശവുമായാണ് ആഗോള തലത്തിലുള്ള ഗോള്‍ഫ് താരങ്ങളെ ഒന്നിപ്പിക്കുന്നതും സംഭാവന സ്വീകരിക്കുന്നതും. ജന്മനാലുള്ള ഹൃദ്‌രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബങ്ങളിലെ ജന്മനാല്‍ ഹൃദ്‌രോഗമുള്ള കുട്ടികള്‍ക്ക് ചികില്‍സാ സൗകര്യം ഒരുക്കി ജീവിക്കാന്‍ ഒരവസരം നല്‍കുകയുമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം.

ഹൈബ്രിഡ് ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഗോള്‍ഫര്‍മാര്‍ക്ക് 9/18 തുളകള്‍വരെയുള്ള ഇഷ്ടമുള്ള കോഴ്‌സുകളില്‍ കളിക്കാം. ഏപ്രില്‍ 14 മുതല്‍ 25വരെയാണ് ടൂര്‍ണമെന്റ്. ഏപ്രില്‍ 14ന് ഡല്‍ഹി ഗോള്‍ഫ് ക്ലബില്‍ 12 ദിവസത്തെ ടൂര്‍ണമെന്റ് ആരംഭിക്കും. 28ന് വലിയൊരു അത്താഴ വിരുന്നോടെ വിജയികളെ പ്രഖ്യാപിക്കും.

സ്റ്റേബിള്‍-ഫോര്‍ഡ് ഫോര്‍മാറ്റില്‍ പിഡബ്ല്യുസിയുടെ കീഴിലായിരിക്കും സ്‌കോറിങ്. ഗോള്‍ഫര്‍മാര്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിന്നും സ്‌കോറുകള്‍ ഓണ്‍ലൈനായി നല്‍കി മല്‍സരത്തില്‍ പങ്കെടുക്കാം. 'ഗിഫ്റ്റ് ഓഫ് ലൈഫ്' സഹായം 20 യുഎസ് ഡോളര്‍/1500 രൂപയില്‍ തുടങ്ങുന്ന വിവിധ സ്ലാബുകളില്‍ സ്വീകരിക്കും. പരമാവധി 40000 യുഎസ് ഡോളര്‍/30 ലക്ഷം രൂപ വരെ ഉയര്‍ത്താം.

കുട്ടികളുടെ ജീവന്‍ രക്ഷിക്കാനുള്ള ഈ ദൗത്യത്തിലേക്ക് റോട്ടറി ക്ലബുകള്‍, ഗോള്‍ഫ് ക്ലബുകള്‍, ആശുപത്രികള്‍, വ്യവസായികള്‍, മാധ്യമങ്ങള്‍, കായിക താരങ്ങള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ക്കെല്ലാം ക്ഷണമുണ്ട്.

ജീവിക്കാന്‍ ഒരവസരം കൂടി ലഭിക്കുന്ന കുട്ടിയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണുമ്പോള്‍ ലഭിക്കുന്ന ആനന്ദത്തേക്കാള്‍ വലുതായി മറ്റൊന്നില്ലെന്നും ഓരോ വര്‍ഷവും മാറ്റം വരുത്താനായി മുന്നോട്ട് വരുന്ന നല്ല സമരിയക്കാര്‍ക്ക് മാര്‍ഗം തെളിക്കുക മാത്രമാണ് തങ്ങളുടെ ദൗത്യമെന്നും ഗോള്‍ഫര്‍മാരില്‍ നിന്നും മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നുണ്ടെന്നും നല്ല ഹൃദയാലുക്കള്‍ ഗിഫ്റ്റ് ഓഫ് ലൈഫിന് വേണ്ട ഫണ്ട് ഉയര്‍ത്തുമെന്നും ഹൃദ്‌രോഗ ബാധിതരായ കുട്ടികളുടെ ചികില്‍സ അതുവഴി സാധ്യമാകുമെന്ന് ഉറപ്പുണ്ടെന്നും സൗത്ത് ഡല്‍ഹി റോട്ടറി ക്ലബ് പ്രസിഡന്റ് പ്രദീപ് കുമാര്‍ പറഞ്ഞു.

ഇന്ത്യയില്‍ മാത്രം മൂന്നു ലക്ഷത്തോളം കുട്ടികളാണ് ഹൃദ്‌രോഗവുമായി ജനിക്കുന്നത്. ഇതില്‍ 25 ശതമാനം മാത്രമാണ് ഒരു വയസിന് അപ്പുറം ജീവിക്കുന്നത്. ഇതില്‍ തന്നെ അഞ്ചിലൊന്ന് പേര്‍ക്കും ഗുരുതര കുഴപ്പങ്ങളായിരിക്കുമെന്നതിനാല്‍ ആദ്യ വര്‍ഷം തന്നെ ഇടപെടല്‍ ആവശ്യമായി വരുന്നു.

രോഗ നിര്‍ണയവും ചികില്‍സയും വളര്‍ന്നതോടെ വികസിത രാജ്യങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ ഇപ്പോള്‍ പ്രായപൂര്‍ത്തിയായിട്ടും ജീവിക്കുന്നുണ്ട്. ആധുനിക ചികില്‍സാ സൗകര്യങ്ങളില്ലാത്ത വികസ്വര രാജ്യങ്ങളില്‍ സ്ഥിതി ഇതല്ല. ഹൃദ്‌രോഗവുമായി ജനിക്കുന്ന കുട്ടികളുടെ കുടുംബങ്ങള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

delhi news
Advertisment