/sathyam/media/post_attachments/FfRsZFDPpLVnQ1P2OH38.jpg)
തച്ചമ്പാറ: സ്വാതന്ത്ര്യസമര സേനാനി ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെയും ഗാന്ധിജിയുടെയും പ്രതിമ അനാച്ഛാദനം ദേശബന്ധു സ്കൂൾ അങ്കണത്തിൽ കേരളാ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പു മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവ്വഹിച്ചു.
കോങ്ങാട് എംഎൽഎ അഡ്വ:കെ.ശാന്തകുമാരി സ്‌കൂളിൽ നടന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.
സ്വരാജ് പാർട്ടി നേതാവായിരുന്ന ചിത്തരഞ്ജൻ നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ രാഷ്ട്രീയ ഗുരു കൂടിയാണ്. അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം സ്കൂൾ സ്ഥാപകനായ വേർക്കോട്ട് ഗോവിന്ദനുണ്ണി പണിക്കരാണ് സ്കൂളിന് ദേശബന്ധു എന്ന പേർ നല്കിയത്.
പ്രമുഖ ശില്പി രവിദാസ് ആണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.നാരായണൻകുട്ടി ശില്പിയെയും സ്പോൺസേർസിനെയും ആദരിച്ചു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും തച്ചമ്പാറയിലെ പ്രമുഖ കുടുബാംഗങ്ങളും പൗരപ്രമുഖരുമായിട്ടുള്ള ഉപേന്ദ്ര കെ മേനോൻ, ബാലചന്ദ്രൻ മുള്ളത്ത് എന്നിവരാണ് പ്രതിമ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നൽകിയത്.
പഞ്ചായത്തംഗം ബിന്ദു കുഞ്ഞിരാമൻ, മാനേജർ വത്സൻ മഠത്തിൽ,പ്രിൻസിപ്പൽ വി.പി.ജയരാജൻ, കെ.ബെന്നി ജോസ്, എം.രാമചന്ദ്രൻ, എം.ഉണ്ണികൃഷ്ണൻ., ബുസ്താനി, ബ്രൈറ്റി, ബൾക്കീസ് എന്നിവർ സംസാരിച്ചു.