ആലപ്പുഴ

ഹരിപ്പാട് ചെറിയ പത്തിയൂർ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Friday, July 30, 2021

ഹരിപ്പാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. ചെറിയ പത്തിയൂർ ക്ഷേത്രത്തിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും മോഷ്ടിച്ച പത്തിയൂർ കളീക്കൽ തെക്കതിൽ വിനീതിനെ(25) ആണ് കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബത്തോടൊപ്പം കണ്ണമംഗലം തെക്ക് വാടകയ്ക്ക് താമസിക്കുകയായിരുന്ന വിനീത് ഇന്ന് വീട് ഒഴിയുന്നതിന് ഇടയിലാണ് പൊലീസ് പിടികൂടിയത്. 27 ചൊവ്വാഴ്ച പുലർച്ചെ  രണ്ടരയോടെ  ക്ഷേത്രത്തിൽ കയറിയ പ്രതി നിലവിളക്കുകളും, ഓട്ട് പാത്രങ്ങളും മോഷ്ടിച്ചു ചാക്കിൽ കെട്ടി പുറത്തെത്തിയ ശേഷം സമീപത്തെ വീട്ടിൽ നിന്ന്  സൈക്കിളും മോഷ്ടിച്ചാണ്  കടന്നത്.

മോഷണ സ്ഥലത്തേക്ക് പ്രതി നടന്നാണ് വന്നിരുന്നത്. സമീപപ്രദേശങ്ങളിൽ അടുത്ത കാലത്ത് നടന്ന മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്നു അന്വേഷിക്കുമെന്നും, കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.

കരീലകുളങ്ങര സിഐ എം സുധിലാലിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷെഫീഖ്, സുരേഷ്, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ എസ്ആർ ഗിരീഷ്, അജിത്കുമാർ. വിമണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

×