Advertisment

ലിഫ്റ്റിന്റെ കുഴിയിൽ വീണ് മരിച്ച മലയാളിയുടെ മൃതദേഹം സൗദി അറേബ്യയിൽ നിന്ന് നാട്ടിലയച്ചു

author-image
kavya kavya
Updated On
New Update

publive-image

Advertisment

റിയാദ് : പണി നടക്കുന്ന കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത കുഴിയിൽ വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എം.എ. യൂസുഫലിയുടെ ഇടപെടലിൽ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് തിരുവനന്തപുരം കരകുളം ചീക്കോണം ബാബു സദനത്തിൽ ബാബുവിന്റെ (41) മൃതദേഹം സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിൽ കൊണ്ടുപോയത്.

തിരുവനന്തപുരത്തെ ലോക കേരളസഭ ഓപൺ ഹൗസിൽ ബാബുവിന്റെ മകൻ എബിൻ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്ക വൈസ് ചെയർമാൻകൂടിയായ എം.എ. യൂസുഫലിയോട് സഹായം തേടുകയായിരുന്നു. എത്രയും വേഗം നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം അതേ വേദിയിൽ വെച്ച് ഉറപ്പുനൽകിയത് വലിയ വാർത്തയായി മാറുകയായിരുന്നു. ഏഴുവർഷമായി സൗദിയിൽ ടൈൽസ് ജോലി ചെയ്യുകയായിരുന്നു ബാബു. നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയത്.

ഖമീസ് മുശൈത്തിന് സമീപം അഹദ് റുഫൈദയിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി തയാറാക്കിയ കുഴിയിലേക്ക് കെട്ടിടത്തിന് മുകളിൽ നിന്നും വീണാണ് ബാബു മരിച്ചത്. ജൂൺ 10നായിരുന്നു അന്ത്യം. എന്നാൽ മൂന്ന് വർഷം മുമ്പ് ബാബു ഒളിച്ചോടിയതായി സ്പോൺസർ സൗദി പാസ്പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റിൽ പരാതിപ്പെട്ടിരുന്നതിനാൽ മൃതദേഹം നാട്ടിൽ അയക്കുന്നതിന് തടസ്സമായി. എം.എ. യൂസുഫലിയുടെ ഇടപെടൽ നിയമകുരുക്കഴിക്കാൻ സഹായിച്ചു.

Advertisment