/sathyam/media/post_attachments/QdzxsgJWIc4TUqX9zIhI.jpg)
മൂന്നാര്‍ നൈമക്കാട് മേഖലയില്‍ ഭീതി വിതയ്ക്കുന്ന കടുവയെ പിടികൂടാനായി കൂടുകള്‍ സ്ഥാപിച്ച് വനം വകുപ്പ്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് വനം വകുപ്പ് നടപടികളാരംഭിച്ചത്. അതേസമയം, കടുവയെ പിടികൂടാന്‍ വനം വകുപ്പ് തിരച്ചില്‍ നടത്തുന്നതിനിടെ പെരിയവരെ എസ്റ്റേറ്റ് റോഡിലൂടെ പോകുന്ന കടുവയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇത് നൈമക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ കടുവയാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നൈമക്കാട് മാത്രം പത്ത് പശുക്കളെയാണ് കടുവ കൊന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ ആക്രമണം പതിവായതോടെ നാട്ടുകാരുടെ പ്രതിഷേധവും ഉയര്‍ന്നു.
ഇതോടെയാണ് അക്രമകാരിയായ കടുവയെ പിടികൂടാന്‍ വനം വകുപ്പ് ശ്രമങ്ങളാരംഭിച്ചത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചയിടങ്ങളില്‍ മൂന്നു കൂടുകള്‍ സ്ഥാപിച്ചു. ഇതില്‍ ഇരയെ ഇട്ട് കടുവയെ കൂട്ടിലാക്കാനുള്ള ശ്രങ്ങളാണ് പുരോഗമിക്കുന്നത്. നാട്ടുകാര്‍ വീടിന് പുറത്തിറങ്ങരൂതെന്ന് നിര്‍ദ്ദേശമുണ്ട്.
വനപാലകരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നൈമക്കാട് കേന്ദ്രീകരിച്ച് വനംവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മൂന്നാര്‍ ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ശ്രമം ഫലം കണ്ടില്ല. തിരച്ചില്‍ തുടരാനാണ് നിലവിലെ തീരുമാനം.